ന്യൂഡൽഹി:ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അഷറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള എല്ലാ തടസങ്ങളും നീക്കാനായി ഒന്നിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി.
അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജോൺ ബോൾട്ടൻ ഇന്നലെ രാവിലെ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ ഫോണിൽ വിളിച്ച് നടത്തിയ ചർച്ചയിലാണ് ഈ ധാരണയെന്ന് വിദേശമന്ത്രാലയം അറിയിച്ചു.
ജമ്മുകാശ്മീരിൽ 40 ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ അപലപിച്ച അമേരിക്ക ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. ഭീകരരുടെ താവളമാകരുതെന്ന് പാകിസ്ഥാന് നിർദ്ദേശം നൽകിയതായും ജോൺ ബോൾട്ടൻ പറഞ്ഞു. പാകിസ്ഥാൻ ജയ്ഷെ മുഹമ്മദ് പോലുള്ള ഭീകരഗ്രൂപ്പുകളുടെ താവളമാകുന്നത് അവസാനിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുവരും തമ്മിൽ ധാരണയായി. ഇക്കാര്യത്തിൽ യു. എൻ. പ്രമേയങ്ങൾ പാകിസ്ഥാൻ പാലിക്കുന്നു എന്ന് ഉറപ്പാക്കും. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതിന് അമേരിക്ക എല്ലാ പിന്തുണയും നൽകുമെന്നും ജോൺ ബോൾട്ടൻ പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് അജിത് ഡോവലിനെ ജോൺ ബോൾട്ടൻ വിളിക്കുന്നത്.
ഭീകരാക്രമണത്തെ അപലപിച്ചും ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ചും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വൈറ്റ്ഹൗസും വെവ്വേറെ പ്രസ്‌താവനകളും ഇറക്കി. പാക് മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകര ഗ്രൂപ്പുകൾക്കുമുള്ള സഹായവും പിന്തുണയും പാകിസ്ഥാൻ ഉടൻ അവസാനിപ്പിക്കണമെന്ന് രണ്ട് പ്രസ്‌താവനകളിലും അമേരിക്ക പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്‌തു. അൻപതിലേറെ രാജ്യങ്ങൾ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്..
അതേസമയം, ജവാൻമാരുടെ ത്യാഗം വെറുതെയാകില്ലെന്നും തിരിച്ചടിക്കാൻ സേനയ്‌ക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്‌ട്രയിലെ ചടങ്ങിൽ ആവർത്തിച്ചു. ഭീകരാക്രമണം നടത്തിയത് ആരായാലും എവിടെ ഒളിച്ചിരുന്നാലും നമ്മൾ തിരിച്ചടിക്കും. ഇത് പുതിയ ഇന്ത്യയാണ്. സേനയ്‌ക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. പുൽവാമയിലെ സംഭവങ്ങൾ നമ്മെ വേദനിപ്പിക്കുന്നു. ഈ കണ്ണീരിന് നമ്മൾ ഉത്തരം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്രകോപനം ഭയക്കുന്ന പാകിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിലുടനീളം സൈന്യത്തെ വിന്യസിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, റാ മേധാവി എ.കെ. ധസ്‌മാന, ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ അരവിന്ദ് കുമാർ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര സർക്കാർ വിളിപ്പിച്ച പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബൻസാരിയ ഡൽഹിയിലെത്തി.
ആക്രമണത്തെ പറ്റി ദേശീയ അന്വേഷണ ഏജൻസിയുടെ അന്വഷണം പുരോഗമിക്കുന്നു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം വന്ന ശേഷമേ സ്‌ഫോടനത്തിന് ഉപയോഗിച്ച ആർ.ഡി.എക്‌സ് അടക്കമുള്ള രാസവസ്‌തുക്കളുടെ വിവരങ്ങൾ വ്യക്തമാകൂ. സ്‌ഫോടനത്തിന്റെ ശക്തി കൂട്ടാൻ യൂറിയ, സൂപ്പർജെൽ-90 തുടങ്ങിയ രാസവസ്‌തുക്കളും ഉപയോഗിച്ചതായി സൂചനയുണ്ട്.