pulwama-attack

ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇന്നലെ വിളിച്ച സർവ്വകക്ഷി യോഗം ഭീകരതയ‌്ക്കെതിരെ പോരാടുന്ന ജവാൻമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.

പാർലമെന്റിന്റെ അനക്‌സിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.

കഴിഞ്ഞ ദിവസം ജമ്മുവിൽ നടത്തിയ സന്ദർശത്തിന്റെ അടിസ്ഥാനത്തിൽ പൊതുവായ സ്ഥിതിഗതികൾ വിവരിച്ച രാജ്നാഥ് ഭീകരർക്കെതിരെ നടപടിയെടുക്കാൻ സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യവും നൽകിയെന്ന് പറഞ്ഞു. അതിർത്തി കടന്നുവരുന്ന ഭീകരർക്ക് പ്രാദേശികമായ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജവാൻമാരുടെ പോരാട്ടത്തിന് പിന്തുണയും ഭീകരതയ്‌ക്കെതിരെ കന്യാകുമാരി മുതൽ കാശ്‌മീർ വരെ ഒറ്റക്കെട്ടാണെന്ന സന്ദേശവും യോഗം നൽകണം. രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ എല്ലാ സഹായവും ചെയ്യും. സംസ്ഥാന സർക്കാരുകളും ഇതിനായി മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഭീകരതയെ ചെറുക്കാനുള്ള നടപടികളിൽ കേന്ദ്ര സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്ന് യോഗ ശേഷം രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞു. മുസ്ളീം ലീഗ്, എസ്.പി, ബി.എസ്.പി, തൃണമൂൽ, ബി.ജെ.ഡി. സി.പി.എം, സി.പി.ഐ, എ.ഡി.എം.കെ, ടി.ഡി.പി, ആം ആദ്‌മി, ടി.ആർ.എസ്, എൽ.ജെ.പി, ഐ.എൻ.എൽ, അകാലിദൾ തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് റാലികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്‌ട്രയിലും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഛത്തീസ്ഗഡിലും ആയിരുന്നതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. കേരളത്തിൽ നിന്ന് മുസ്ളീലീഗിന് വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തിൽ പങ്കെടുത്തു.