ന്യൂഡൽഹി: പുൽവാമാ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ജൻമനാടുകളിൽ വികാരനിർഭരമായ ചടങ്ങുകളിലാണ് ആദരാഞ്ജലി അർപ്പിച്ചത്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത ചടങ്ങുകളിൽ വൻ ജനാവലിയും ജവാൻമാർക്ക് ബിഗ് സല്യൂട്ട് നൽകാനെത്തി. ഉറ്റവരുടെ ദു:ഖത്തിൽ രാജ്യം ഒന്നിച്ച് പങ്കു ചേരുന്ന കാഴ്‌ചകളായിരുന്നു എങ്ങും. പലയിടത്തും പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു.
ആഗ്രയ‌്‌ക്കു സമീപം കരായ് ഗ്രാമത്തിൽ ഇന്നലെ രാവിലെ 9മണിക്കാണ് ജവാൻ കൗശൽ കുമാർ റാവത്തിന്റെ മൃതദേഹം അടങ്ങിയ പേടകം എത്തിയത്. രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും നാട്ടുകാരും അടങ്ങിയ വൻ ജനാവലിയുടെ നേതൃത്വത്തിൽ വിലാപ യാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. റാവത്തിന്റെ മകൾ അപൂർവ്വയെ ഏവരും സമാധാനിപ്പിക്കുന്നത് കാണാമായിരുന്നു.
ഡൽഹിക്ക് അടുത്തുള്ള കനൗജിൽ ജവാൻ പ്രദീപ് സിംഗ് യാദവിന്റെ മരണാനന്തര ചടങ്ങുകളും കണ്ണീരണിയിച്ചു. പിതാവിന്റെ ഭൗതിക ശരീരം കണ്ട് പത്തുവയസുള്ള മകൾ സുപ്രീയ ബോധം കെട്ടു വീണു. മൂന്നുവയസുളള മറ്റൊരുമകൾ സോണ ഒന്നുമറിയാതെ ഒാടിക്കളിക്കുകയായിരുന്നു.
അഞ്ച് ജവാൻമാർ മരിച്ച രാജസ്ഥാനിലും അന്ത്യയാത്രകളിൽ നാടു തേങ്ങി. ജയ്‌പൂരിൽ റോഷിതാഷ് ലാംബ, രാജ്സമന്തിൽ നാരായൺ ലാൽ, ഭരത്‌പൂരിൽ ജീത് റാം, ധോൽപൂരിൽ ഭഗീരഥ് സിംഗ്എന്നിവരുടെ മൃതദേഹങ്ങളുമായുള്ള വിലാപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.
ഡെറാഡൂണിൽ മരിച്ച ജവാൻ മോഹൻലാലിന്റെ മരണാനന്തര ചടങ്ങുകളിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് പങ്കെടുത്തു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗംഗയുടെ തീരത്താണ് ചടങ്ങുകൾ ഒരുക്കിയത്.
ഉത്തരാഖണ്ഡിലെ ഉധംസിംഗ് നഗർ ജില്ലയിൽ ജവാൻ വീരേന്ദ്ര സിംഗിന്റെ ചിതയ്‌ക്ക് മൂന്നുവയസുള്ള മകൻ തീ കൊളുത്തിയപ്പോൾ കണ്ണീരടക്കാൻ ബന്ധുക്കളും നാട്ടുകാരും പണിപ്പെട്ടു.
ഒഡീഷയിൽ നിന്നുള്ള പ്രസന്ന കുമാർ സാഹു, മനോജ് കുമാർ ബെഹേര എന്നീ ജവാൻമാരുടെ മൃതദേഹങ്ങൾ ഭുവനേശ്വർ ബിജു പട്നായിക് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ വൻ ജനാവലിയാണ് അന്തിമോചാരമർപ്പിക്കാൻ എത്തിയത്. മഹാരാഷ്‌ട്രയിലെ ബുൽധാന ജില്ലയിൽ നിന്നുള്ള രണ്ടു ജവാൻമാരും കൊല്ലപ്പെട്ടിരുന്നു.
കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ള എച്ച്.ഗുരുവിന്റെ സംസ്‌കാര ചടങ്ങുകളിൽ മുഖ്യമന്ത്രി എച്.ഡി. കുമാരസ്വാമി പങ്കെടുത്തു. തമിഴ്നാട്ടിലെ മധുരയിൽ നിന്നുള്ള ജി. സുബ്രഹ്‌മണ്യൻ, തൃച്ചിയിൽ സി. ശിവചന്ദ്രൻ എന്നിവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനും എത്തി.