salary-challenge

ന്യൂഡൽഹി:ദേശീയ തലത്തിൽ പ്രതിമാസം 9,750 രൂപ അല്ലെങ്കിൽ ദിവസം 375 രൂപ കുറഞ്ഞ വേതനമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് വേതന നിർണയ സമിതി ശുപാർശ ചെയ്‌തു. ഹൗസിംഗ് അലവൻസായി 1,430 രൂപ അധികം അനുവദിക്കാനും ശുപാർശയുണ്ട്. തീരുമാനം കേന്ദ്രം അംഗീകരിച്ചാൽ വിവിധ മേഖലകളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സംസ്ഥാന സർക്കാരുകൾ മിനിമം വേതനം നിശ്‌ചിക്കുന്നത് മാറും.

2018 ജൂലായ് അടിസ്ഥാനമാക്കിയാണ് കുറഞ്ഞ ദിവസ വേതനം 375 രൂപ അല്ലെങ്കിൽ പ്രതിമാസ വേതനം 9,750 രൂപ എന്ന കണക്ക് സമിതി സമർപ്പിച്ചത്. എല്ലാ മേഖലകളിലും തൊഴിലാളികളുടെ വൈദഗ്‌ദ്ധ്യം, ജോലി, ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ ഒരേ മിനിമം വേതനം നടപ്പാക്കാനാണ് ശുപാർശ. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് വീട്ടുവാടക ഇനത്തിൽ അധിക അലവൻസായി ദിവസം 55 രൂപ അല്ലെങ്കിൽ പ്രതിമാസം 1,430 രൂപ അനുവദിക്കണമെന്നും ശുപാർശയുണ്ട്. നഗരങ്ങളിൽ ഈ അലവൻസ് വ്യത്യാസപ്പെടാം. ജനസംഖ്യാനുപാതം മാറിയതിന്റെ അടിസ്ഥാനത്തിൽ ഒരു കുടുംബത്തെ 3.6 ഉപഭോഗ യൂണിറ്റ് എന്ന രീതിയിലാണ് സമിതി പരിഗണിച്ചത്. നിലവിൽ ഒരു കുടുംബത്തിൽ മൂന്ന് യൂണിറ്റ് എന്ന തോതിലാണ് വേതനം നിശ്‌ചയിക്കുന്നത്.