ന്യൂഡൽഹി:പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആറ് വിഘടനവാദി നേതാക്കളുടെ സുരക്ഷ ജമ്മുകാശ്‌മീർ ഭരണകൂടം പിൻവലിച്ചു.

ഹൂറിയത് ചെയർമാനും കാശ്‌മീരിലെ പ്രധാന മതനേതാക്കളിലൊരാളുമായ മിർവായിസ് ഉമർ ഫാറൂഖ്, ഫസൽഹഖ് ഖുറേഷി, അബ്ദുൾ ഗനി ഭട്ട്, ബിലാൽ ലോൺ, ജമ്മുകാശ്‌മീർ ലിബറേഷൻ ഫ്രണ്ടിന്റെ ഹാഷിം ഖുറേഷി, ജമ്മു ആൻഡ് കാശ്മീർ ഡെമോക്രാറ്റിക് ഫ്രീഡം പാർട്ടിയുടെ ഷബീർ ഷാ എന്നിവർക്ക് നൽകിയ പ്രത്യേക സുരക്ഷയാണ് പിൻവലിച്ചത്. ഇക്കാര്യം കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സംസ്ഥാന ഭരണകൂടം അറിയിച്ചു.

പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായും ഭീകരസംഘടനകളുമായും ബന്ധമുള്ള ചിലരുടെ സുരക്ഷ പുനഃപരിശോധിക്കുമെന്ന് കാശ്മീർ സന്ദർശിച്ചശേഷം കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.

വിഘടനവാദി നേതാക്കൾക്ക് കാറ്റഗറി തിരിച്ചുള്ള സുരക്ഷ നൽകിയിരുന്നില്ല. ചില ഭീകരസംഘടനകളുടെ ഭീഷണി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരുമായി ആലോചിച്ച് സംസ്ഥാന സർക്കാർ പ്രത്യേക സുരക്ഷ നൽകുകയായിരുന്നു. സുരക്ഷാ വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്നലെ വൈകുന്നേരത്തോടെ സർക്കാർ തിരിച്ചുവിളിച്ചു. മറ്റേതെങ്കിലും സർക്കാർ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതും പിൻവലിക്കും.

സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല: ഹൂറിയത്

ഹൂറിയത് നേതാക്കൾ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹൂറിയത് വക്താവ് പറഞ്ഞു. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാരാണ് സുരക്ഷ ഒരുക്കിയത്. ഇപ്പോൾ സ‌ർക്കാർ അത് പിൻവലിക്കുന്നു. അത് ഞങ്ങളുടെ പ്രശ്നമല്ല. വിഘടനവാദി നേതാക്കൾക്ക് നൽകിയ സുരക്ഷ രാഷ്ട്രീയവത്കരിക്കുകയാണെന്നും ഹൂറിയത്ത് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ് പ്രതികരിച്ചു.

ആക്രമണങ്ങൾ

മൗലവി മുഹമ്മദ് ഫാറൂഖ്

മിർവായിസ് ഉമർ ഫാറൂഖിന്റെ പിതാവ് മിർവായിസ് മൗലവി മുഹമ്മദ് ഫാറൂഖിനെ 1990 മേയിൽ ഹിസ്ബുൾ മുജാഹീദീൻ ഭീകരൻ മുഹമ്മദ് അയൂബ് ധർ വെടിവച്ചു കൊന്നു.
സർക്കാർ സുരക്ഷ ഒരുക്കാത്തതാണ് ആക്രമണത്തിനിടയാക്കിയതെന്ന് ആരോപണമുയർന്നു. ഫാറൂഖിൻറെ സംസ്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ സി.ആർ.പി.എഫ് വെടിവയ്പിൽ 60 പേർ മരിച്ചു.


അബ്ദുൾ ഗനി ലോൺ

2002 മേയിൽ മൗലവി മുഹമ്മദ് ഫാറൂഖിന്റെ ചരമവാർഷിക ചടങ്ങിനിടെ അബ്ദുൾ ഗനി ലോണിനെ വെടിവച്ചു കൊന്നു. 1967ൽ കോൺഗ്രസ് എം.എൽ.എയായിരുന്നു ഗനി. പിന്നീട് നാഷണൽ കോൺഫ്രൻസിലും ജനതാ പാർട്ടിയിലും പ്രവർത്തിച്ചു. 1980കളുടെ അവസാനത്തോടെ പീപ്പിൾ കോൺഫ്രൻസ് രൂപീകരിച്ച് വിഘടനവാദ നിലപാടെടുത്തു. വിഘടനവാദി കൂട്ടായ്മയായ ഓൾ പാർട്ടി ഹൂറിയത് കോൺഫറൻസ് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു.

ഫസൽ ഹഖ് ഖുറേഷി
2009 ഡിസംബർ- ഹൂറിയത് നേതാവ് ഫസൽ ഹഖ് ഖുറേഷിക്ക് നേരെ വധശ്രമം. ഗുരുതര പരിക്ക്. ഓൾ പാർട്ടി ഹൂറിയത് കോൺഫറൻസും കേന്ദ്രസർക്കാരുമായുള്ള രഹസ്യ സംഭാഷണത്തിന് നിർണായക ഇടപെടൽ നടത്തിയ ഫസൽ ഹഖ് പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് വെടിവച്ചത്.