ന്യൂഡൽഹി: മൂന്നു മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന കരോൾബാഗിലെ ഹോട്ടൽ അർപിത് പാലസിന്റെ ഉടമയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഖത്തറിൽ നിന്ന് ഡൽഹി രാജ്യാന്തരവിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് ഹോട്ടലുടമ രാകേഷ് ഗോയൽ പിടിയിലായത്. ഫെബ്രുവരി 12ന് തിപിടിത്തമുണ്ടായ ശേഷം ഇയാൾ ഒളിവിലായിരുന്നു. ദോഹയിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനാണ് രാകേഷ് പോയത്. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച രാത്രി എമിഗ്രേഷൻ അധികൃതർ പിടികൂടി ഡൽഹി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അതേസമയം ഇൻഷ്വറൻസ് തുക തട്ടാനായി തീപിടിത്തമുണ്ടാക്കിയതാണെന്ന് വ്യാപക പ്രചാരണമുണ്ടായതോടെ അക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. രാകേഷ് ഗോയലിന് 56 കോടിയുടെ കടബാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം മുതൽ ഹോട്ടൽ വിൽക്കാനുള്ള നീക്കത്തിലായിരുന്നെങ്കിലും നടന്നില്ല. മാർച്ച് 31ന് രണ്ടാമത്തെ ഇ - ലേലം നടക്കാനിരിക്കെയായിരുന്നു അപകടം.
ഇയാളുടെ സഹോദരൻ ശാരദേന്ദു ഗോയലിനായും ലുക്കൗട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ശാരദേന്ദുവിന്റെ പേരിലാണ് ഹോട്ടൽ ലൈസൻസെങ്കിലും മൂത്ത സഹോദരനായ രാകേഷ് ഗോയലാണ് ഹോട്ടലുടമയെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ജനറൽ മാനേജർ രാജേന്ദർകുമാർ, മാനേജർ വികാസ് കുമാർ എന്നിവർ അറിസ്റ്റിലായിരുന്നു.
അതേസമയം സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാൽ ഡൽഹിയിലെ 57 ഹോട്ടലുകളുടെ എൻ.ഒ.സിയും 27 സ്ഥാപനങ്ങളുടെ സുരക്ഷാ സർട്ടിഫിക്കറ്റുകളും ഫയർഫോഴ്സ് റദ്ദാക്കിയിട്ടുണ്ട്.