ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ ശരീരാവശിഷ്ടങ്ങളെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നവർക്ക് സി.ആർ.പി.എഫ് മുന്നറിയിപ്പ് നൽകി.
രാജ്യം ഒരുമിച്ച് നിൽക്കുമ്പോൾ വിദ്വേഷം വളർത്താൻ നമ്മുടെ ധീരജവാന്മാരുടെ മൃതദേഹാവശിഷ്ടങ്ങളെന്ന പേരിൽ സാമൂഹ്യവിരുദ്ധർ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് സി.ആർ.പി.എഫ് ട്വീറ്റ് ചെയ്തു. അത്തരം ഫോട്ടോകളോ പോസ്റ്റുകളോ പ്രചരിപ്പിക്കുകയോ,ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ അരുത്. ഇവ ശ്രദ്ധയിൽ പെട്ടാൽ webpro@crpf.gov.in. എന്ന ഇ-മെയിലിലേക്ക് റിപ്പോർട്ട് ചെയ്യണം. കാശ്‌മീർ സ്വദേശികളായ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടും വ്യാജ വാർത്തകൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്. അത്തരം തെറ്റായ വാർത്തകൾ വിദ്വേഷമുണ്ടാക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമമാണെന്നും അവ പ്രചരിപ്പിക്കരുതെന്നും സി.ആർ.പി.എഫ് അഭ്യർത്ഥിച്ചു.