ന്യൂഡൽഹി: ബി.ജെ.പി വിരുദ്ധ കോൺഗ്രസ് - സി.പി.എം അവിശുദ്ധ അച്ചുതണ്ടിന്റെ ആദ്യത്തെ ബലിയാടുകളാണ് കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ബംഗാളിലെ പോലെ സി.പി.എമ്മുമായി സഹകരിക്കാമെന്ന് അഞ്ചു ദിവസം മുൻപാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. അധികാരത്തിന് വേണ്ടി സ്വന്തം പാർട്ടി പ്രവർത്തകരെ സി.പി.എം കൊലക്കത്തിക്ക് കോൺഗ്രസ് നേതൃത്വം എറിഞ്ഞുകൊടുക്കുകയായിരുന്നു. അധികാരത്തിലേറാൻ സ്വന്തം പാർട്ടി പ്രവർത്തകരെ ബലി കൊടുക്കാൻ മടിയില്ലാത്ത രാഷ്ട്രീയപ്രസ്ഥാനമായി കോൺഗ്രസ്. കൊലപാതകം നടത്തിയതാരാണെന്നുപോലും പറയാതെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാഷ്ട്രീയ കൊലപാതകമെന്നോ സി.പി.എമ്മിന്റെ പേരോ പരാമർശിച്ചിട്ടില്ല. സി.പി.എമ്മിനെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ മൗനത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം.കോൺഗ്രസ് പ്രവർത്തകർ ആത്മപരിശോധന നടത്തണം.
കാശ്മീർ വിഷയത്തിൽ തിരിച്ചടിയല്ല ചർച്ചയാണ് വേണ്ടതെന്ന സി.പി.എം നിലപാട് പാകിസ്ഥാന് അനുകൂലമാണ്. നിസാര പ്രശ്നത്തിന് കേരളത്തിൽ സി.പി.എം തങ്ങളുടെ പാർട്ടി പ്രവർത്തകരെ കൊണ്ട് രാഷ്ട്രീയ എതിരാളികളെ കൊല്ലുകയാണ്. അവിടെ ചർച്ചയില്ല. അനുരഞ്ജനമില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ആസൂത്രിതമാണ്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്. പ്രൊഫഷണൽ ക്രിമിനൽ സംഘങ്ങളാണ് പിന്നിലെന്ന് സംശയിക്കുന്നതായും കൃഷ്ണദാസ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.