ന്യൂഡൽഹി: ചില അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ ഫോൺ ചെയ്തതായി റിപ്പോർട്ട്. സുപ്രീംകോടതിയുടെ ഇലക്ട്രോണിക് പ്രൈവറ്റ് ബ്രാഞ്ച് എക്സ്‌ചേഞ്ച് ഹാക്ക് ചെയ്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വ്യാജ ഫോൺകാൾ തട്ടിപ്പിന് ശ്രമിച്ചത്. സംഭവത്തിൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ സുപ്രീംകോടതി രജിസ്ട്രി പരാതി നൽകിയതായും ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൽ. നാരായണ സാമി എന്നിവർക്കാണ് വ്യാജ ഫോൺ വന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തിയയാൾ കർണാടക ഹൈക്കോടതിയിലെ ചില അഭിഭാഷകരെ ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യം ജസ്റ്റിസ് നാരായണ സാമിയെ വിളിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഇയാൾ ഫോൺവിളിച്ച് രഞ്ജൻ ഗോഗോയിക്ക് നേരിട്ട് സംസാരിക്കണമെന്ന് പറഞ്ഞു. വിളിച്ചയാളോ മറ്റൊരാളോ ഗോഗോയിയുടെ ശബ്ദം വിശ്വസനീയമായ രീതിയിൽ അനുകരിച്ച്, അഭിഭാഷകരുടെ പേര് ശുപാർശ ചെയ്യണമെന്ന് ജസ്റ്റിസ് സാമിയോട് ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെയും വിളിച്ച് സമാനമായ രീതിയിൽ ആവശ്യമുന്നയിച്ചു. ചീഫ് ജസ്റ്റിസും ഹൈക്കോടതി ജഡ്ജിമാരും തമ്മിലുള്ള പതിവ് സംഭാഷണത്തിനിടെയാണ് തട്ടിപ്പിന് ശ്രമിച്ച വിവരം വ്യക്തമായത്. തുടർന്ന് സുപ്രീംകോടതി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.