ന്യൂഡൽഹി : തൂത്തുക്കുടിയിലെ വിവാദ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്ലാൻ് തുറക്കാനുള്ള അനുമതി നൽകാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ്മാരായ രോഹിന്റൺ നരിമാൻ, നവീൻ സിൻഹ എന്നിവരുടെ ബെഞ്ചിന്റെ വിധി. തമിഴ്നാട് സർക്കാർ നൽകിയ അപ്പീലിലാണ് നടപടി.
പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടി പ്ലാന്റ് പൂട്ടാനുള്ള സർക്കാർ ഉത്തരവിനെതിരെ വേദാന്ത ഹരിതട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അനുമതി നൽകാൻ തമിഴ്നാട് മലിനീകരണ നിയന്ത്രണബോർഡിനോട് ഡിസംബർ 15ന് ട്രൈബ്യൂണൽ ഉത്തരവിട്ടത്. എന്നാൽ സർക്കാർ ഉത്തരവ് റദ്ദാക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്ന തമിഴ്നാടിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം വേദാന്തയ്ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്ലാന്റിനെതിരെ 2018 മേയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.