ന്യൂഡൽഹി: ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.പിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ബീഹാറിലെ ധർബാംഗയിൽ നിന്ന് രണ്ടു തവണ ബി.ജെ.പി ടിക്കറ്റിൽ ജയിച്ച കീർത്തി ആസാദിനെ കോൺഗ്രസ് ഡൽഹിയിൽ മത്സരിപ്പിച്ചേക്കും. കീർത്തി ആസാദ് 1983ൽ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻമാരായ ടീമിൽ അംഗമായിരുന്നു.
മുൻ ബീഹാർ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെ മകനായ കീർത്തി ആസാദ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പിയിലൂടെ രാഷ്‌ട്രീയത്തിൽ സജീവമായി. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അരുൺ ജയ്‌റ്റ്ലിക്കെതിരെ നിലപാടെടുത്ത ശേഷമാണ് കീർത്തി ആസാദ് ബി.ജെ.പിയിൽ നിന്ന് പുറത്തായത്. ബീഹാർ സ്വദേശികൾ തിങ്ങിപ്പാർക്കുന്ന സൗത്ത് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഏഴു സീറ്റുള്ള സംസ്ഥാനത്ത് കോൺഗ്രസ്-ആംആദ്‌മി സൗഹൃദമത്സരത്തിന് സാദ്ധ്യതയുണ്ട്.