ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ വർഗീയ - വാണിജ്യ വത്കരണത്തിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ പാർലമെൻറിലേക്ക് മാർച്ച് നടത്തി. രാവിലെ 11ന് രാംലീല മൈതാനത്തുനിന്ന് തുടങ്ങിയ 'ഡൽഹി ചലോ' മാർച്ച് പാർലമെൻറ് സ്ട്രീറ്റിൽ അവസാനിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചാണ് പൊതുസമ്മേളനം തുടങ്ങിയത്. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എ.ഐ.ഡി.എസ്.ഒ, എ.ഐ.എസ്.ബി, പി.എസ്‌.യു തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് മാർച്ച് സംഘടിപ്പിച്ചത്.
സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിൽ സാമൂഹ്യനീതി നടപ്പാക്കുക, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തെ ചെറുക്കുക- ഫെഡറൽ സംവിധാനം സംരക്ഷിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വർഗീയവത്കരണം ഇല്ലാതാക്കുക,- ഫെഡറൽ സംവിധാനം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. എസ്.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു അധ്യക്ഷനായി. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ, എ.ഐ.എസ്.എഫ് നേതാവ് സുവം ബാനർജി തുടങ്ങിയവർ സംസാരിച്ചു. 19 ന് അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം വിദ്യാഭ്യാസമേഖലയിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.