ന്യൂഡൽഹി: ശാരദ ചിട്ടിഫണ്ട് അഴിമതികേസിൽ അന്വേഷണം തടസപ്പെടുത്തിയെന്ന സി.ബി.ഐ ആരോപണം പശ്ചിമബംഗാൾ സർക്കാരും പൊലീസും സുപ്രീംകോടതിയിൽ നിഷേധിച്ചു. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി , ഡി.ജി.പി വീരേന്ദ്രകുമാർ, കൊൽക്കത്ത പൊലീസ് മേധാവി രാജീവ്കുമാർ എന്നിവർ പ്രത്യേകം സത്യവാങ്മൂലങ്ങളും സമർപ്പിച്ചു.
ഫെബ്രുവരി 3ന് പൊലീസ് കമ്മിഷണർ രാജീവ്കുമാറിനെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ സി.ബി.ഐ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നിലപാട് അറിയിച്ചത്.

സി.ബി.ഐയുമായി സഹകരിക്കാതിരിക്കുകയോ അന്വേഷണം തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. തെളിവുകളോ, രേഖകളോ താൻ നേരിട്ട് ഒരിക്കലും കൈവശം വച്ചിട്ടില്ല. നിയമാനുസൃതമായ ഉത്തരവില്ലാതെ വീട്ടിലേക്ക് ബലം പ്രയോഗിച്ച് സി.ബി.ഐ കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും കമ്മിഷണർ രാജീവ്കുമാർ പറഞ്ഞു. ഈ നിലപാടിനോട് യോജിക്കുന്നതാണ് ഡി.ജി.പിയുടെയും സത്യവാങ്മൂലം.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൽക്കത്ത മെട്രോലൈനിൽ നടത്തിയ ധർണയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പങ്കെടുത്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സത്യവാങ്മൂലം പരിശോധിച്ചശേഷം ഫെബ്രുവരി 20ന് ഇവർ നേരിട്ട് ഹാജരാകണമോയെന്ന് തീരുമാനിക്കുമെന്ന് നേരത്തെ ചീഫജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കിയിരുന്നു.

അന്വേഷണസംഘത്തലവനായ രാജീവ്കുമാർ കൈമാറിയ രേഖകൾ പൂർണമായിരുന്നില്ലെന്നും ചില ഇലക്ട്രോണിക് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നുമാണ് സി.ബി.ഐയുടെ പ്രധാന ആരോപണം. ശാരദ കേസിലെ പ്രധാന കുറ്റാരോപതിനായ സുദീപ്തോ സെന്നിന്റെ മൊബൈൽ ഫോണിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പൂർണമല്ല. കോൾ റെക്കാർഡുകളിൽ കൃത്രിമം നടന്നിട്ടുണ്ട്. കോളുകളുടെ എണ്ണത്തിൽ വൈരുദ്ധ്യമുണ്ടെന്നും രാജീവ്കുമാറിന് മൂന്നു തവണ നോട്ടീസ് അയച്ചിട്ടും മറുപടി നൽകിയില്ലെന്നും സി.ബി.ഐ ആരോപിക്കുന്നു.