1

ന്യൂഡൽഹി:പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ പാകിസ്ഥാൻ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കാശ്‌മീർ നേതൃത്വത്തെ പൂർണമായും ഇല്ലാതാക്കിയെന്ന് സൈന്യം അറിയിച്ചു. പുൽവാമ ആക്രമണത്തിന് ശേഷം നൂറുമണിക്കൂറിനുള്ളിൽ തന്നെ ഇത് സാധിച്ചെന്നും നിയന്ത്രണ രേഖയിലെ സുരക്ഷാ ചുമതലയുള്ള കരസേനയുടെ ചിനാർ കോറിന്റെ കമാൻഡർ ലഫ്.ജനറൽ കൻവൽ ജീത് സിംഗ് ധില്ലൻ അറിയിച്ചു.

കാശ്‌മീരിൽ തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യുമെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകി. ഭീകരസംഘടനയിൽ ചേരുന്ന പ്രദേശവാസികളായ യുവാക്കൾക്കുള്ള താക്കീതാണിത്. കാശ്‌മീരിൽ അമ്മമാർക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. ഭീകരസംഘടനയിൽ ചേർന്ന മക്കളോട് കീഴടങ്ങി മുഖ്യധാരയിലേക്ക് മടങ്ങിവരാൻ അമ്മമാർ അപേക്ഷിക്കണമെന്നും അദ്ദേഹം അഭ്യ‌ർത്ഥിച്ചു.

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഘാസിയെ വധിച്ചതുമായി ബന്ധപ്പെട്ട് ജമ്മുകാശ്‌മീർ പൊലീസ് ഐ.ജി എസ്.പി പാനി, സി.ആർ.പി.എഫ് ഐ.ജി സുൾഫിക്കർ ഹസൻ എന്നിവരോടൊപ്പം ശ്രീനഗറിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധില്ലൻ. കീഴടങ്ങുന്നവർക്കായി സർക്കാർ ആവിഷ്കരിച്ച പദ്ധതി ഭീകരപ്രവർത്തനം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായിക്കും. കീഴടങ്ങിയില്ലെങ്കിൽ തോക്കെടുത്തവരെ വധിക്കും. തുടച്ചുനീക്കും. അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയ്‌ക്ക് പങ്കുണ്ട്. ആക്രമണം ഏകോപിപ്പിച്ചത് ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ സംഘവും പാകിസ്ഥാനുമാണ്. ഇനി ഭീകര പ്രവർത്തനത്തിനായി കാശ്‌മീർ താഴ്‌വരയിൽ ആരെങ്കിലും പ്രവേശിച്ചാൽ ജീവനോടെ മടങ്ങിപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്‌മീരിലെ ഭീകര റിക്രൂട്ട്‌മെന്റ് കാര്യമായി കുറഞ്ഞതായി കാശ്‌മീർ പൊലീസ് ഐ.ജി എസ്.പി. പാനി ചൂണ്ടിക്കാട്ടി. റിക്രൂട്ട്മെൻറ് തടയാൻ കുടുംബങ്ങളും സമൂഹവും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൈന്യവും പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ 17 മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്ഷെ കമാൻഡറുമായ കമ്രാൻ എന്ന അബ്ദുൾ റഷീദ് ഘാസി ഉൾപ്പെടെ മൂന്നു ഭീകരരെ സൈന്യം തിങ്കളാഴ്ച വധിച്ചത്.