picture1
ഡൽഹിയിൽ കേരളാ ടൂറിസത്തിന്റെ പുതിയ പ്രചരണപരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ ചലച്ചിത്രതാരം ശോഭന, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ,ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ഡയറക്ടർ പി. ബാലകിരൺ തുടങ്ങിയവർ

ന്യൂഡൽഹി: കേരളത്തിന്റെ ദൃശ്യഭംഗിയും മനുഷ്യനുമായുള്ള ബന്ധവും വിഷയമാക്കി വിദേശ സഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം 'ഹ്യൂമൻ ബൈ നേച്ചർ' പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു. കുമരകം, ആലപ്പുഴ, അർത്തുങ്കൽ, ചെല്ലാനം, ഫോർട്ട് കൊച്ചി, മുനമ്പം, വയനാട്, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച കേരളത്തിന്റെ തനതു ദൃശ്യങ്ങളും വിനോദസഞ്ചാരികൾക്കു നാട്ടുകാർ നൽകുന്ന ഊഷ്മളതയും വിവരിക്കുന്ന മൂന്നു മിനിറ്റ് നീളുന്ന പരസ്യചിത്രങ്ങളും ഫോട്ടോകളും ഉപയോഗിച്ചാണ് പ്രചരണം.

സ്റ്റാർക്ക് കമ്യൂണിക്കേഷൻസിനു വേണ്ടി വിവേക് തോമസ് ആണ് പരസ്യചിത്രം സംവിധാനം ചെയ്‌തത്. കനേഡിയൻ ഫോട്ടോഗ്രാഫർ ജോയി പകർത്തിയ ചിത്രങ്ങൾ പത്രമാദ്ധ്യമങ്ങളിലെ പ്രചരണത്തിന് ഉപയോഗിക്കും. അമേരിക്ക, ബ്രിട്ടൻ,​ ഗൾഫ് രാജ്യങ്ങളെയാണ് പരസ്യചിത്രം ലക്ഷ്യമിടുന്നത്. കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിൽ പരസ്യചിത്രം കാണാം. ഡൽഹിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്‌തു. ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന പരസ്യചിത്രം അനാവരണം ചെയ്‌തു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്‌ടർ പി.ബാലകിരൺ എന്നിവർ പങ്കെടുത്തു.