ന്യൂഡൽഹി:ഇ.എസ്.ഐ സേവനങ്ങൾക്ക് തൊഴിലുടമയിൽ നിന്നും അംഗങ്ങളിൽ നിന്നും പിടിക്കുന്ന ആകെ വിഹിതം അഞ്ചു ശതമാനമാക്കാൻ ഇ.എസ്.ഐ കോർപറേഷൻ യോഗം തീരുമാനിച്ചു. നിലവിൽ ഇത് 6.5 ശതമാനമാണ്. തൊഴിലുടമയ്ക്ക് 4.75ശതമാനവും അംഗങ്ങൾക്ക് 1.75ശതമാനവും. ഇത് നാലു ശതമാനവും ഒരു ശതമാനവുമായി കുറയും.

അംഗങ്ങളുടെ മാതാപിതാക്കൾക്ക് ഇ.എസ്.ഐ ആനുകൂല്യത്തിനുള്ള വരുമാന പരിധി 5000രൂപയിൽ നിന്ന് 9000 രൂപയായി വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ഡിസ്‌പെൻസറി ചെലവിന് ഇ.എസ്.ഐ സംസ്ഥാന സർക്കാരുകൾക്ക് ഒരംഗത്തിന് നൽകുന്ന 3000രൂപ ധനസഹായത്തിന്റെ പരിധിയും ഒഴിവാക്കി. ഇനിമുതൽ ചെലവിന് ആനുപാതികമായ തുക കോർപറേഷൻ നൽകും. കേരളത്തിൽ ഇടുക്കി ജില്ലയിലെ മണ്ണങ്കട, കണ്ണൻദേവൻ ഹിൽസ്, വയനാട്ടിൽ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ പുതിയ ഡിസ്‌പെൻസറി അനുവദിക്കാനും തീരുമാനിച്ചു.