s-court

ന്യൂഡൽഹി: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസിൽ സി.ബി.ഐയുടെ കോടതിയലക്ഷ്യ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എൽ.നാഗേശ്വരറാവു പിൻമാറി. അഭിഭാഷകനായിരിക്കെ പശ്ചിമബംഗാൾ സർക്കാരിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരായിരുന്നു ഇന്നലെ ഹർജി പരിഗണിച്ച ബെഞ്ചിലെ മറ്റംഗങ്ങൾ. ഹർജി ഫെബ്രുവരി 27ലേക്ക് മാറ്റി.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ചിട്ടിഫണ്ട് തട്ടിപ്പ് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് പശ്ചിമബംഗാൾ ചീഫ്സെക്രട്ടറി, ഡി.ജി.പി , കൊൽക്കത്ത പൊലീസ് മേധാവിയായിരുന്ന രാജീവ്കുമാർ എന്നിവർക്കെതിരെ സി.ബി.ഐ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഫെബ്രുവരി 3ന് പൊലീസ് കമ്മിഷണർ രാജീവ്കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കൽക്കത്ത പൊലീസ് തടഞ്ഞത് കേന്ദ്രസർക്കാരും മമതസർക്കാരും തമ്മിൽ വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിന് ഇടയാക്കിയിരുന്നു.