ന്യൂഡൽഹി: ഭീകരപ്രവർത്തനം ചെറുക്കാൻ ഇന്ത്യയെയും അയൽ രാജ്യങ്ങളെയും സഹായിക്കുമെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം വ്യക്തമാക്കി. പുൽവാമ സംഭവവും പാകിസ്ഥാന്റെ പേരും അദ്ദേഹം പരാമർശിച്ചില്ല. ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് വാണിജ്യ, നിക്ഷേപ കരാറുകളിലും ഒപ്പിട്ടു.
ചൊവ്വാഴ്‌ച രാത്രി ഇന്ത്യയിലെത്തിയ സൗദിരാജകുമാരനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പുൽവാമ സംഭവം ചർച്ച ചെയ്‌തെന്നാണ് സൂചന. എന്നാൽ പാകിസ്ഥാനെ പരാമർശിക്കാതെയാണ് സംയുക്ത പ്രസ്‌താവന നടത്തിയത്. ഭീകരരുടെ ക്രൂരതയാണ് പുൽവാമയിൽ കണ്ടതെന്ന് മോദിയുടെ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
സൗദി രാജകുമാരനുമായി വിപുലവും അർത്ഥവത്തുമായ ചർച്ച നടന്നതായി പ്രധാനമന്ത്രി വിശദീകരിച്ചു. ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനും ഭീകരതയെ ചെറുക്കൽ, സമുദ്ര സുരക്ഷ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീനയിൽ ജി 20 ഉച്ചകോടിക്കിടെ നടത്തിയ ചർച്ചകളുടെ തുടർച്ചയായി സുരക്ഷ, വാണിജ്യ, നിക്ഷേപ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. സൗദിയുടെ വിഷൻ 2030 നയം മേക്ക് ഇൻ ഇന്ത്യ, സ്‌റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതികൾക്ക് ഗുണകരമാണെന്നും മോദി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്‌ച പാകിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തിയത്. ഇന്ത്യയും പാകിസ്ഥാനും തർക്ക വിഷയങ്ങളിൽ ചർച്ച നടത്തി പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം പാകിസ്ഥാനിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സൽമാൻ രാജകുമാരനെ സ്വീകരിച്ചു. ഇന്നലെ രാവിലെ രാഷ്‌ട്രപതിഭവനിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. സൗദിയുടെ വികസനത്തിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ നൽകുന്ന സംഭാവനകൾ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ എം.എ. യൂസഫലിയും സൽമാൻ രാജകുമാരനൊപ്പം പങ്കെടുത്തു.
ആഗോളതലത്തിൽ ഭീകരപ്രവർത്തനം ഉയർത്തുന്ന ഭീഷണിയുടെ അടയാളമാണ് പുൽവാമയിലെ കിരാതമായ ആക്രമണം. ഭീകരയ്ക്കെതിരെ രാജ്യങ്ങളുടെ പിന്തുണ തേടാൻ ചർച്ചയിൽ ധാരണയായി. ഭീകരരുടെ അടിത്തറ ഇല്ലാതാക്കൽ, പിന്തുണ നൽകുന്നത് തടയൽ, പിന്തുണയ്ക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കൽ എന്നിവ അനിവാര്യമാണ്. യുവാക്കളെ വഴിതെറ്റിക്കുന്നത് തടയാനും നടപടി വേണം
-പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീകരപ്രവർത്തനവും തീവ്രവാദവും പൊതുവായ ഭീഷണിയാണ്. ഇന്ത്യയ്‌ക്ക് ഇന്റലിജൻസ് വിവരങ്ങൾ പങ്കിടൽ അടക്കം എല്ലാ പിന്തുണയും നൽകാൻ സൗദി ആഗ്രഹിക്കുന്നു. ഇന്ത്യയ്‌ക്കൊപ്പം അയൽ രാജ്യങ്ങൾക്കും പിന്തുണ നൽകും. ഭാവി തലമുറകൾക്ക് നല്ലതു വരുത്താൻ ഒന്നിച്ചു പ്രവർത്തിക്കും
- മുഹമ്മദ് ബിൻ സൽമാൻ