anil-ambani

ന്യൂഡൽഹി: ടെലികോം കമ്പനിയായ എറിക്‌സൺ ഇന്ത്യ ലിമിറ്റഡിനുള്ള 550 കോടിയുടെ കുടിശ്ശിക നൽകാത്തതിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനും രാജ്യത്തെ വൻകിട വ്യവസായികളിലൊരാളുമായ അനിൽ അംബാനി കോടതിയലക്ഷ്യം നടത്തിയതായി സുപ്രീംകോടതി വിധിച്ചു. റിലയൻസ് നേരത്തെ കോടതിയിൽ കെട്ടിവച്ച 118 കോടിക്ക് പുറമെയുള്ള 453കോടി രൂപ എറിക്സണിന് നാലാഴ്ചയ്ക്കകം കൈമാറിയില്ലെങ്കിൽ അനിൽ അംബാനി മൂന്നുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പണം ഡിസംബർ 15നുള്ളിൽ നൽകാമെന്ന ധാരണ ബോധപൂർവം ലംഘിച്ചു. രാജ്യത്തെ പരമോന്നത കോടതിയോട് ഗർവോടെ പെരുമാറിയെന്നും ബെ‌‌ഞ്ച് വിലയിരുത്തി.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (ആർ.കോം), റിലയൻസ് ടെലികോം ലിമിറ്റഡ് (ആർ.ടി.എൽ), റിലയൻസ് ഇൻഫ്രാടെൽ ലിമിറ്റഡ് (ആർ.ഐ.ടി.എൽ) എന്നീ കമ്പനികൾക്കെതിരെ എറിക്സൺ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. കമ്പനികൾ നാലാഴ്ച്ചയ്ക്കകം ഒരു കോടി രൂപ വീതം പിഴ സുപ്രീംകോടതിയിൽ അടയ്ക്കണം. ഇല്ലെങ്കിൽ അനിൽ അംബാനി, ആർ.ടി.എൽ ചെയർമാൻ സതീഷ് സേത്, ആർ.ഐ.ടി.എൽ ചെയർപേഴ്സൺ ഛായ വിരാനി എന്നിവർ ഒരുമാസം ജയിൽ ശിക്ഷ അനുഭവിക്കണം. ഈ തുക സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റിക്ക് കൈമാറും. അനിൽ അംബാനിയും മറ്റുള്ളവരും നൽകിയ മാപ്പപേക്ഷയും സുപ്രീംകോടതി തള്ളി. കോടതിയിൽ കെട്ടിവച്ച 118 കോടി ഒരാഴ്ചയ്ക്കകം എറിക്സണിന് കൈമാറാൻ രജിസ്ട്രിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.
കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലും മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുമാണ് അനിൽ അംബാനിക്ക് വേണ്ടി ഹാജരായത്.
അനിൽ അംബാനിക്ക് റാഫേലിനായി മുടക്കാൻ പണമുണ്ടെന്നും കടം തീർക്കാൻ പണമില്ലെന്നും എറിക്സണ് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ പറഞ്ഞിരുന്നു.

കേസ് ഇങ്ങനെ
2013ലാണ് ടെലികോം മേഖലയിൽ വിവിധ സേവനങ്ങൾക്ക് സ്വീഡിഷ് ടെലികോം ഭീമനായ എറിക്‌സണുമായി അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് കരാറിലേർപ്പെടുന്നത്. മൂത്ത സഹോദരൻ മുകേഷ് അംബാനിയുടെ ജിയോ വിപ്ലവം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായിരുന്ന ആർ.കോമിനെ തളർത്തി. 47000 കോടിയിലധികം രൂപയുടെ കടക്കെണിയിലായതോടെ 2017ൽ അടച്ചുപൂട്ടി. കുടിശ്ശികയ്ക്കായി എറിക്സൺ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചു. 1150 കോടിയുടെ കുടിശ്ശിക 550 കോടിയായി ഇരുകമ്പനികളും ഒത്തുതീർപ്പിലെത്തി. 2018 സെപ്തംബർ 30നകം തുക കൈമാറാനും ധാരണയായി. ഈ ധാരണ സുപ്രീംകോടതിയിലും വ്യക്തമാക്കി. പിന്നീട് 60 ദിവസം കൂടി റിലയൻസ് സമയം നീട്ടിചോദിച്ചു. അന്തിമ അവസരമായി 2018 ഡിസംബർ 15വരെ സമയം സുപ്രീംകോടതി നൽകി. ഈ സമയത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശകൂടി ചേർത്ത് നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതും പാലിക്കാതെ വന്നതോടെയാണ് കോടതിയലക്ഷ്യ കേസുമായി ജനുവരിയിൽ എറിക്സൺ മുന്നോട്ടുപോയത്. അനിൽ അംബാനിയുൾപ്പെടെയുള്ളവർ ഫെബ്രുവരി 12നും 13നും സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായിരുന്നു.