ന്യൂഡൽഹി: ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്‌സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഒാപ്പറേഷൻ ഡിജിറ്റൽ ബോർഡ് പദ്ധതി രാജ്യത്തെ 9-ാം ക്ളാസ് മുതലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉടൻ നടപ്പാക്കും. ഡൽഹിയിൽ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറാണ് പദ്ധതി പുറത്തിറക്കിയത്.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 1987ൽ നടപ്പാക്കിയ ഒാപ്പറേഷൻ ബ്ളാക്ക്ബോർഡ് പദ്ധതിക്ക് സമാനമായാണ് ഒാപ്പറേഷൻ ഡിജിറ്റൽ ബോർഡ് പദ്ധതി നടപ്പാക്കുക. പഠനത്തിനും പഠിപ്പിക്കുന്നതിനും പുതിയ അന്തരീക്ഷം പ്രദാനം ചെയ്യലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിസ്‌റ്റിക് തുടങ്ങിയവയുടെ സഹായത്തോടെ ക്ളാസ് മുറികളെ ഡിജിറ്റൽ ക്ളാസ് മുറികളാക്കി മാറ്റുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചത്. 1.5 ലക്ഷം സെക്കൻഡറി, സീനിയർ സെക്കൻഡി സ്‌കൂളുകളിലും 300 സർവ്വകലാശാലകളിലും 10,000 കോളേജുകളിലുമാണ് പദ്ധതി നടപ്പാക്കുക. ഉന്നതവിദ്യാഭ്യാ സ്ഥാപനങ്ങളിൽ യു.ജി.സിക്കാണ് പദ്ധതിയുടെ ചുമതല.