ന്യൂഡൽഹി: നാല്പത് സി.ആർ.പി.എഫ് ഭടന്മാരെ കൂട്ടക്കൊല ചെയ്ത പുൽവാമ ഭീകരാക്രമണത്തിൽ കണ്ണുതുറന്നപോലെ കേന്ദ്രസർക്കാർ ജമ്മുകാശ്മീരിൽ സേവനം അനുഷ്ഠിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനകൾക്ക് സ്വകാര്യ വിമാനങ്ങളിൽ ഉൾപ്പെടെ സൗജന്യ യാത്ര അനുവദിച്ചു. നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ 7.8 ലക്ഷം സേനാംഗങ്ങൾക്ക് ഇത് പ്രയോജനപ്പെടും. സേനാംഗങ്ങൾക്ക് പണവും സമയവും ലാഭിക്കുന്നതിനൊപ്പം റോഡ് മാർഗം സഞ്ചരിക്കുമ്പോൾ ഉണ്ടാകാവുന്ന ഭീകരാക്രമണം പോലുള്ള ദുരന്തങ്ങളും ഇതോടെ ഒരു പരിധിവരെ ഒഴിവാകും.
സി.ആർ.പി.എഫ് ഉൾപ്പെടെയുള്ള കേന്ദ്ര സായുധ പൊലീസ് സേനകൾ, ആസാം റൈഫിൾസ്, എൻ.എസ്.ജി എന്നിവയിലെ നിലവിൽ വിമാനയാത്രാ സൗകര്യം ലഭിക്കാത്ത കോൺസ്റ്റബിൾമാർ, ഹെഡ്കോൺസ്റ്റബിൾമാർ, എ.എസ്.ഐമാർ തുടങ്ങിയവർ സൗജന്യ യാത്രയ്ക്ക് അർഹരായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
നിലവിൽ പാരാമിലിട്ടറി സേനകളെ ഡൽഹി - ജമ്മു - ശ്രീനഗർ റൂട്ടിൽ വിമാനം വാടകയ്ക്കെടുത്ത് കൊണ്ടുപോകുന്ന എയർ കൊറിയർ സർവീസുണ്ട്. അതിന് പുറമേയാണ് യാത്രാവിമാനങ്ങളിൽ സൗജന്യയാത്ര അനുവദിക്കുന്നത്. കൂടാതെ സേനാ നീക്കം ആവശ്യമുള്ളപ്പോഴെല്ലാം വ്യോമസേനയോട് വിമാനം ആവശ്യപ്പെടാനും അനുവദിച്ചിട്ടുണ്ട്.
അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച ജവാൻമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയാണ് പുൽവാമയിൽ ഭീകരാക്രമണമുണ്ടായത്. സായുധ സേനകളുമായി താരതമ്യപ്പെടുത്തുമ്പോൾ അർദ്ധ സേനകൾക്ക് യാത്രാ സൗജന്യം ലഭിച്ചിരുന്നില്ല. ഈ സൗകര്യം നൽകണമെന്നത് ഇവരുടെ ദീർഘകാല ആവശ്യമായിരുന്നു. സേനാ നീക്കത്തിന് വിമാനം ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതാണ് പുൽവാമ ദുരന്തത്തിന് ഇടയാക്കിയതെന്ന് രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
അതേസമയം, വിമാനസൗജന്യം അനുവദിച്ചെങ്കിലും റോഡ് വഴി സേനയെയും സൈനിക സാമഗ്രികളും നീക്കുന്നത് ഒഴിവാക്കാനാവില്ലെന്നും അത് തുടരുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.