ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയ പാർക്കിൽ പരസ്യചിത്രത്തിൽ അഭിനയിക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു.
ഒരു വശത്ത് രാജ്യം രക്തസാക്ഷികളുടെ ദുരന്തം അറിഞ്ഞ് ദുഃഖിച്ച സമയത്ത് പ്രധാനമന്ത്രി തന്റെ പരസ്യത്തിനും പ്രചാരണത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിൽ മുഴുകിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ല ഇതൊന്നും. സുരക്ഷ സംബന്ധിച്ച മന്ത്രിതല സമിതിയുടെ അടിയന്തര യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കേണ്ട സമയത്താണ് പ്രധാനമന്ത്രി ഷൂട്ടിംഗിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്‌ചയ്‌ക്കും ഭീകരർക്ക് ആർ.ഡി.എക്‌സ് ലഭിച്ചതിനും സർക്കാർ ഉത്തരം നൽകണം. ജയ്ഷെ മുഹമ്മദ് സംഭവത്തിന് 48മണിക്കൂർ മുൻപ് പുറത്തിറക്കിയ വീഡിയോ സർക്കാർ എന്തുകൊണ്ട് അവഗണിച്ചു. ജവാന്മാരെ വിമാനത്തിൽ കൊണ്ടുപോകാതിരുന്നതിനും വിശദീകരണം നൽകണം. ഒന്നിനും ഉത്തരം നൽകാതെ, രാജ്യം വല്ലാത്ത അവസ്ഥയെ അഭിമുഖീകരിക്കുന്ന സമയത്ത് പ്രധാനമന്ത്രി ദക്ഷിണ കൊറിയയിൽ പോയതും ശരിയായില്ലെന്ന് സുർജെവാല പറഞ്ഞു.
തിരിച്ചടിച്ച് ബി.ജെ.പി
ജവാന്മാരുടെ ആത്മവിശ്വാസം തകർക്കുന്ന പ്രസ്താവന നടത്തുന്ന കോൺഗ്രസിന്റെ യഥാർത്ഥ നിറം പുറത്തുവന്നുവെന്ന് ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. ലോകം മുഴുവനും ഇന്ത്യൻ ജവാൻമാർക്ക് പിന്തുണ നൽകുന്ന സമയത്താണ് കോൺഗ്രസ് വിമർശനം നടത്തുന്നത്. ഉത്തരാഖണ്ഡിൽ കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട പരസ്യ ചിത്രീകരണത്തിൽ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രിക്ക് പുൽവാമാ സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാൻഖാനും കോൺഗ്രസും പറയുന്ന കാര്യങ്ങളിലെ ഉള്ളടക്കം ഒന്നു തന്നെയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.