rafale-deal-
RAFALE DEAL

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ സ്വതന്ത്ര അന്വേഷണം തള്ളിയ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ കേൾക്കാൻ സുപ്രീംകോടതിയൊരുങ്ങുന്നു. ഹർജികൾ ലിസ്റ്റ് ചെയ്യുന്നത് പരിഗണിക്കാമെന്ന് ഇന്നലെ ചീഫ്ജസ്റ്റിസ് രഞ്ജൻഗോഗോയ് അറിയിച്ചു. നാലു ഹർജികളാണുള്ളത്. ബെഞ്ച് രൂപീകരണം ക്ലേശകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് റാഫേൽ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഡിസംബർ 14നാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ്‌മാരായ എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവർ എകകണ്ഠമായി വിധി പറഞ്ഞത്. കെ.എം ജോസഫ് ഇപ്പോൾ 13 നമ്പർ കോടതിയിലാണ്.
കോടതിയിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണും മുൻകേന്ദ്രമന്ത്രിമാരായ അരുൺഷൂരിയും യശ്വന്ത് സിൻഹയും നൽകിയ ഹർജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. റാഫേൽ ഇടപാടിൽ സി.എ.ജി റിപ്പോർട്ട് പാർലമെന്റിൽ വച്ചിട്ടുണ്ടെന്ന വിധിയിലെ പരാമർശം വിവാദമായിരുന്നു. റാഫേൽ വിമാനത്തിന്റെ വിലവിവരം സി.എ.ജിക്ക് നൽകിയിട്ടുണ്ടെന്നും സി.എ.ജി റിപ്പോർട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം പാർലമെന്റിൽ വച്ചിട്ടുണ്ടെന്നും വിധിയുടെ 25ാം പേജിൽ പറയുന്നുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13നാണ് സി.എ.ജി റിപ്പോർട്ട് പാർലമെൻറിൽവച്ചത്. ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് വാദം.