shahpurdam

 മൂന്ന് നദികളിലെ വെള്ളം പാകിസ്ഥാന് നൽകുന്നത് നിറുത്തും

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി റാവി, ബിയാസ്, സത്‌ലജ് നദികളിൽ നിന്ന് പാകിസ്ഥാന് ജലം നൽകുന്നത് നിറുത്തിവയ്‌ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഈ നദികളിലെ വെള്ളം ജമ്മു കാശ്‌മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു വിടുമെന്നും കേന്ദ്ര ജലവിഭവ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു. 1960ൽ ഇരു രാജ്യങ്ങളും ഒപ്പിട്ട സിന്ധു നദീജല കരാർ പ്രകാരമാണ് ഇന്ത്യ അധിക ജലം പാകിസ്ഥാന് നൽകുന്നത്.

റാവി, ബിയാസ്, സത്‌ലജ് നദികളിലെ അധിക ജലം ഷാപൂർ കാന്തി ഡാം ( പഞ്ചാബ് ), സത്‌ലജ് ബിയാസ് ലിങ്ക് ( പഞ്ചാബ് ) , ഉജ് ഡാം ( ജമ്മു കാശ്‌മീർ) എന്നീ പദ്ധതികൾ വഴി ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉപയോഗത്തിന് തിരിച്ചുവിടാനാണ് കേന്ദ്ര തീരുമാനം. ഇതിൽ ഒരു പദ്ധതി മാത്രമാണ് പൂർത്തിയായത്. ബാക്കി രണ്ടും ഉടൻ പൂർത്തിയാകുമെന്നും മന്ത്രി ഗഡ്കരി അറിയിച്ചു. പാകിസ്ഥാന് വെള്ളം നൽകുന്നത് തടയണമെന്ന് 2016ലെ ഉറി ആക്രമണ സമയത്തും ആവശ്യമുയർന്നിരുന്നു.

ഇന്ത്യയുടെ ആവശ്യം ( 94ശതമാനത്തോളം ) കഴിഞ്ഞുള്ള വെള്ളം കിഴക്കൻ ഭാഗത്തുള്ള റാവി, ബിയാസ്, സത്‌ലജ് നദികളിൽ നിന്ന് പാകിസ്ഥാന് നൽകാമെന്നാണ് സിന്ധു നദി ജലകരാർ. അതേസമയം പദ്ധതിയുടെ ഭാഗമായ പടിഞ്ഞാറൻ മേഖലയിലെ ചിനാബ്, ഝലം, സിന്ധു നദികളിലെ വെള്ളം പാകിസ്ഥാന് അവകാശപ്പെട്ടതാണ്. നിയന്ത്രണങ്ങളോടെ ഈ വെള്ളവും ജലസേചനം, വൈദ്യുതി ഉൽപാദനം എന്നിവയ്‌ക്കായി ഉപയോഗിക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ട്. അതേസമയം ഇന്ത്യ മതിയായ വെള്ളം വിട്ടു നൽകുന്നില്ലെന്നാണ് പാകിസ്ഥാന്റെ പരാതി.