supreme-court

ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തെതുടർന്ന് കാശ്മീരികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിനിരയായതിന്റെ പശ്ചാത്തലത്തിൽ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാശ്മീർ സ്വദേശികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അക്രമങ്ങളും സാമൂഹ്യബഹിഷ്കരണവും തടയാൻ നടപടി സ്വീകരിക്കാൻ പത്ത് സംസ്ഥാനങ്ങളിലെ ചീഫ്സെക്രട്ടറിമാർക്കും ഡി.ജി.പിമാർക്കും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

നടപടിയെടുക്കാൻ ചുമതലപ്പെട്ട നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ പരമാവധി പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനും ജമ്മുകാശ്മീർ,ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, മേഘാലയ, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ ,പഞ്ചാബ്, മഹാരാഷ്ട സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. അടുത്ത ബുധനാഴ്ച വീണ്ടും ഹർജി സുപ്രീംകോടതി പരിഗണിക്കും.

കാശ്മീരി വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ താരീഖ് അദീബ് ആണ് ഹർജി നൽകിയത്.

കാശ്മീരികൾ ആക്രമിക്കപ്പെട്ട പുതിയ സംഭവങ്ങൾ മഹാരാഷ്ട്രയിലും പഞ്ചാബിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. കാശ്മീരിൽ പോകരുതെന്നും സാധനങ്ങൾ ബഹിഷ്കരിക്കണമെന്നുമുള്ള മേഘാലയ ഗവർണർ തതാഗത റോയ് നടത്തിയ വിവാദ ട്വീറ്റും ഉന്നയിച്ചു. അക്രമങ്ങൾ തടയാൻ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനെ തന്നെ നോഡൽ ഓഫീസർമാരായി നിയമിക്കണം. വെബ്സൈറ്റുണ്ടാക്കി നോഡൽ ഓഫീസർമാരുടെ നമ്പർ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

കാശ്മീരികൾക്കെതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണം നടന്ന പുതിയ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറ്റോർണി പറഞ്ഞു.