ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ അവകാശ സംരക്ഷണ പരാതികളുമായി ബന്ധപ്പെട്ട് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി പാർലമെന്റ് സമിതിക്ക് മുൻപാകെ ഹാജരാകില്ല. പകരം പബ്ലിക് പോളിസി ആഗോള വൈസ് പ്രസിഡന്റ് കോളിൻ ക്രോവെൽ ഫെബ്രുവരി 25ന് എത്തുമെന്ന് ട്വിറ്റർ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
ട്വിറ്റർ സി.ഇ.ഒയോട് ഫെബ്രുവരി 11ന് ഹാജരാകാനാണ് ബി.ജെ.പി എം.പി അനുരാഗ് താക്കൂർ അദ്ധ്യക്ഷനായ ഐ.ടികാര്യ പാർലമെൻററി സമിതി ആവശ്യപ്പെട്ടത്. എന്നാൽ അസൗകര്യമറിയിച്ച് സി.ഇ.ഒ ഹാജരായില്ല.
സി.ഇ.ഒ ഹാജരായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അനുരാഗ് താക്കൂറും പാർലമെന്റിനോടുള്ള അവഹേളനമാണ് ട്വിറ്ററിന്റെ നടപടിയെന്ന് ആരോപിച്ച് ബി.ജെ.പി വക്താവ് മീനാക്ഷി ലേഖിയും രംഗത്തെത്തിയിരുന്നു.
ഇന്ത്യൻ പ്രതിനിധി ഉൾപ്പെട്ട സംഘത്തെ ട്വിറ്റർ അയച്ചെങ്കിലും കാണാൻ സമിതി കൂട്ടാക്കിയില്ല. ജാക്ക് ഡോഴ്‌സിയോ മുതിർന്ന ഉദ്യോഗസ്ഥരോ നേരിട്ട് ഹാജരാകാതെ കൂടിക്കാഴ്ച വേണ്ടെന്ന് ഐക്യകണ്‌ഠേന പ്രമേയവും പാസാക്കി, 15ദിവസം കൂടി സമയം സമിതി അനുവദിക്കുകയായിരുന്നു.
രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടികളെ ഏതെങ്കിലും രൂപത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചാൽ കടുത്ത നടപടികളുണ്ടാകുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സമൂഹ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങൾ തടയാൻ ഐ.ടി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനും കേന്ദ്രസർക്കാർ ആലോചിച്ചിരുന്നു.