ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ ഹർജിയിൽ ഏപ്രിലിൽ സുപ്രീംകോടതി അന്തിമവാദം കേൾക്കും. വിശദമായ വാദം കേൾക്കണമെന്ന സി.ബി.ഐയുടെ നിലപാടിനെ തുടർന്നാണ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് ഹർജി എപ്രിലിലേക്ക് മാറ്റിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലായിരിക്കും വാദം നടക്കുക.
ഇന്നലെ തന്നെ വാദം തുടങ്ങാൻ തയ്യാറാണെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ, വിശദ പരിശോധന ആവശ്യമുള്ളതിനാൽ മറ്റൊരു ദിവസമാണ് ഉചിതമെന്ന് സി.ബി.ഐക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാടെടുത്തു. കേസ് നീട്ടിക്കൊണ്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ മാറ്റിവയ്ക്കാമെന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
മാർച്ചിൽ ഹോളി അവധിക്ക് ശേഷം അന്തിമ വാദം തുടങ്ങുന്നതാണ് സൗകര്യമെന്നു പിണറായി വിജയന്റെ അഭിഭാഷകൻ വി. ഗിരി അറിയിച്ചു. തുടർന്ന് ഇരു ഭാഗത്തിന്റെയും സൗകര്യം പരിഗണിച്ച് ഏപ്രിൽ ആദ്യ വാരമോ രണ്ടാം വാരമോ അന്തിമ വാദം തുടങ്ങാമെന്ന് കോടതി വ്യക്തമാക്കി. കൃത്യമായ തീയതി കോടതി രജിസ്ട്രി പിന്നീട് നിശ്ചയിക്കും.
കേസിൽ കക്ഷിചേരാനുള്ള വി.എം. സുധീരന്റെ അപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തു. സി.ബി.ഐയുടെ അപ്പീൽ കൂടാതെ പ്രതികളും വൈദ്യുതി ബോർഡ് മുൻ ഉദ്യോഗസ്ഥരുമായ ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ, കെ.ജി. രാജശേഖരൻ എന്നിവർ നൽകിയ ഹർജികളും സുപ്രീംകോടതിയിലുണ്ട്. ഇവരുടെ വിചാരണ സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. സി.ബി.ഐയുടെ അപ്പീലിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.