-രാഹുൽ പുറത്തുവിട്ട ചിത്രം തെറ്റെന്ന് ബി.ജെ.പി
ന്യൂഡൽഹി: പുൽവാമാ ഭീകരാക്രമണം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യ ഷൂട്ടിംഗിൽ മുഴുകിയെന്ന വിവാദം ആളിക്കത്തിക്കാൻ കോൺഗ്രസ് ശ്രമം തുടരുന്നു. ആക്രമണം നടന്ന മൂന്നുമണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ എന്തു ചെയ്യുകയായിരുന്നു എന്ന് വിശദീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരെ തെളിവായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തുവിട്ട ഫോട്ടോ അന്നേ ദിവസം രാവിലെ എടുത്തതാണെന്ന് ബി.ജെ.പി വിശദീകരിച്ചു.
ഉച്ചയ്‌ക്ക് ശേഷം 3.10ന് പുൽവാമയിൽ ഭീകരാക്രമണം നടന്നത് അറിയാതെയാണ് പ്രധാനമന്ത്രി പരസ്യ ഷൂട്ടിംഗിൽ തുടർന്നത് എങ്കിൽ അക്കാര്യം വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഒന്നുകിൽ പ്രധാനമന്ത്രി സംഭവം വിസ്‌മരിക്കുകയോ നിർവികാരമായി കാണുകയോ ചെയ്‌തു. അല്ലെങ്കിൽ അദ്ദേഹം ഒന്നും അറിഞ്ഞില്ല. വൈകിട്ട് 5.10ന് പ്രധാനമന്ത്രി ഫോണിലൂടെ ഒരു റാലിയെ അഭിസംബോധന ചെയ്‌തപ്പോഴും പുൽവാമ സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നും ദൂരദർശൻ സംപ്രേക്ഷണം ചെയ്‌ത വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് മനീഷ് തീവാരി പറഞ്ഞു. ആ സമയത്തു തന്നെ ചാനലിൽ അക്രമ വാർത്ത വന്നിരുന്നു.
40 ജവാൻമാർ വീരമൃത്യു വരിച്ച വാർത്ത പുറത്തു വന്നപ്പോഴും പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് ഉദ്യാനത്തിൽ ഫോട്ടോ ഷൂട്ട് ആസ്വദിച്ചു. വൈകിട്ട് റാലിയിലും സംഭവത്തെക്കുറിച്ച് പരാമർശിച്ചില്ല. പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്ന് വിവരം അറിയിച്ചില്ലെങ്കിൽ എന്തുകൊണ്ട് സംഭവിച്ചെന്ന് വിശദമാക്കണം
-മനീഷ് തീവാരി
ആക്രമണ സമയത്ത് മോദി പരസ്യത്തിൽ പങ്കെടുത്തുവെന്ന കോൺഗ്രസ് ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാഹുൽ ഗാന്ധി വ്യാജ വാർത്തകളുമായി രാജ്യത്തെ മടുപ്പിക്കുകയാണ്. ജിംകോർബെറ്റിൽ പരിപാടിക്കിടെ രാവിലെ എടുത്ത ഫോട്ടോയാണത്. ഇന്ത്യയിലെ ജനം വൈകിട്ട് മാത്രം അറിഞ്ഞ വാർത്ത കോൺഗ്രസിന് നേരത്തെ ലഭിച്ചിട്ടുണ്ടാകാം. ഇത്തരം അബദ്ധങ്ങൾ ജവാൻമാരെ ഒഴിവാക്കി മറ്റെവിടെയെങ്കിലും പരീക്ഷിച്ചാൽ മതി
ബി.ജെ.പിയുടെ ട്വീറ്റ്
കിഴക്കൻ വെള്ളം വേണ്ടെന്ന് പാകിസ്ഥാൻ
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികളിൽ നിന്നുള്ള വെള്ളം പാകിസ്ഥാനുമായി പങ്കുവയ്ക്കില്ലെന്ന ഇന്ത്യയുടെ തീരുമാനത്തിൽ ആശങ്കയില്ലെന്ന് പാക്കിസ്ഥാൻ പറഞ്ഞു.
എന്നാൽ പടിഞ്ഞാറൻ നദികളായ ഝലം,ചിനാബ്, സിന്ധു, നദികളിലെ വെള്ളം വഴിതിരിച്ചുവിടാൻ ശ്രമിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്നും പാക് ജലവിഭവവകുപ്പ് സെക്രട്ടറി ഖ്വാജ സുമൈൽ വ്യക്തമാക്കി.
സിന്ധു നദീജല കരാർ പ്രകാരം കിഴക്കൻ നദികളിലെ വെള്ളം വഴിതിരിച്ചുവിടാൻ ഇന്ത്യക്ക് അവകാശം ഉണ്ട്. അതിൽ ആശങ്കയോ എതിർപ്പോ ഇല്ല. എന്നാൽ തങ്ങൾക്കു കൂടി അവകാശമുള്ള പടിഞ്ഞാറൻ നദികളിലെ വെള്ളം വഴിതിരിച്ചുവിട്ടാൽ ശക്തമായി പ്രതികരിക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു.
പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം അണകെട്ടി ജമ്മു കാശ്മീരിലെയും പഞ്ചാബിലെയും ജനങ്ങൾക്കായി നൽകുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിൻ ഗഡ്കരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇതിനിടെ, ഇക്കാര്യം എങ്ങനെ കേന്ദ്രസർക്കാർ നടപ്പാക്കുമെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തി. വെള്ളം കെട്ടിനിറുത്തേണ്ട അണക്കെട്ട് പൂർത്തിയായിട്ടില്ല. ഒരു ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമോ എന്നും മനീഷ് തീവാരി ചോദിച്ചു.