ന്യൂഡൽഹി: ആസാം റൈഫിൾസിന് കുറ്റവാളികളെ അറസ്റ്റു ചെയ്യാനും വാറണ്ടില്ലാതെ പരിശോധന നടത്താനും അധികാരം നൽകി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു.
ഫെബ്രുവരി 19ന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗലാൻഡ്, മിസോറാം സംസ്ഥാനങ്ങളിൽ അതിർത്തി കാവലിനും കലാപങ്ങൾ തടയാനും വിന്യസിച്ച ആസാം റൈഫിൾസിന് ക്രിമിനൽ നടപടി ചട്ടത്തിലെ 47, 48 വകുപ്പുകൾ പ്രകാരമുള്ള അറസ്‌റ്റ്, പരിശോധനാ അധികാരങ്ങൾ എന്നിവ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്നാൽ പൊലീസിനു മാത്രമുള്ള അധികാരം അർദ്ധസൈനിക വിഭാഗത്തിന് നൽകുന്നത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സംസ്ഥാന സർക്കാരുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ധൃതിപിടിച്ച് ഉത്തരവ് നടപ്പാക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഉത്തരവ് മരവിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.