ന്യൂഡൽഹി: ജമ്മു ജയിലിലുള്ള ഏഴ് പാകിസ്ഥാനി ഭീകരരെ ഡൽഹി തീഹാർ ജയിലിലേക്ക് മാറ്റാൻ അനുമതി തേടി ജമ്മുകാശ്മീർ ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചു. വിവിധ ഭീകരസംഘടനകളിൽപെട്ട ഇവർ മറ്റുതടവുകാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. വിഷയത്തിൽ ജസ്റ്റിസുരായ എൽ.നാഗേശ്വരരാവു, എം.ആർ ഷാ എന്നിവരുടെ ബെഞ്ച് കേന്ദ്രസർക്കാരിന്റെ മറുപടി തേടി.
തീഹാറിലേക്ക് മാറ്റാൻ കഴിയില്ലെങ്കിൽ ഹരിയാനയിലെയോ, പഞ്ചാബിലെയോ ജയിലുകളിലേക്ക് മാറ്റണം. ഭീകരസംഘടനകളുമായി ബന്ധമുള്ള നിരവധി തടവുകാർ ജമ്മുജയിലിലുണ്ട്. ഇവർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ട്. ജയിലിലുള്ള കാശ്മീരി യുവാക്കളെ മസ്തിഷ്ക പ്രക്ഷാളനം നടത്താൻ ശ്രമിക്കുന്നു. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയ്ബ തുടങ്ങിയ സംഘടനകൾ തടവുകാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നും ജമ്മുകാശ്മീർ ഭരണകൂടം ചൂണ്ടിക്കാട്ടി.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഒരു ലക്ഷ്കറെ തയ്ബ ഭീകരരെ ജമ്മുവിന് പുറത്തേക്ക് മാറ്റാൻ അനുമതി തേടി നേരത്തെ ജമ്മുകാശ്മീർ ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.