ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെയുള്ള നീക്കങ്ങളിൽ ഇന്ത്യയ്‌ക്ക് ധാർമ്മികമായ കരുത്ത് പകർന്നുകൊണ്ട് ഇസ്ളാമിക് രാജ്യങ്ങളുടെ സംഘടനയായ ഒാർഗനൈസേഷൻ ഒാഫ് ഇസ്ളാമിക് കോ ഓപ്പറേഷൻ (ഒ.ഐ.സി ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ അതിഥി രാജ്യമായി ഇന്ത്യയ്‌ക്ക് ക്ഷണം ലഭിച്ചു.
മാർച്ച് 1,2 തീയതികളിൽ അബുദാബിയിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. പ്ളീനറി സെഷനിൽ സുഷമാ സ്വരാജ് സംസാരിക്കുകയും ചെയ്യും. 56 അംഗരാഷ്‌ട്രങ്ങളുള്ള ഒ. ഐ.സിയുടെ അൻപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയ്‌ക്ക് ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നത്
കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്‌ക്കാറുള്ള ഒ.ഐ.സിയുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര സുഖകരമായിരുന്നില്ല. ലോകത്തെ മുസ്ലീം ജനസംഖ്യയിൽ മൂന്നാംസ്ഥാനമുള്ള ഇന്ത്യയ്ക്ക് ഒ.ഐ.സിയിൽ നിരീക്ഷക പദവി നൽകാനുള്ള നീക്കങ്ങൾ പാകിസ്ഥാനും അരബ് സഖ്യരാഷ്‌ട്രങ്ങളും അട്ടിമറിക്കുകയായിരുന്നു പതിവ്. ഇപ്പോൾ യു.എ.ഇയാണ് ഇന്ത്യയെ ക്ഷണിക്കാൻ മുൻകൈയെടുത്തത്. ഇത് സുപ്രധാന സംഭവവികാസമാണെന്ന് നിരീക്ഷകർ പറയുന്നു.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് സമ്മേളനം നടക്കുന്നത്. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞയാഴ്ച പാക് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ വന്നപ്പോൾ പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു.
സംയുക്ത പ്രസ്താവനയിൽ ജമ്മുകാശ്‌മീർ എന്ന് എടുത്തു പറഞ്ഞ് ഭീകരതയെ അപലപിച്ചത് പാകിസ്ഥാനെ അസ്വസ്ഥമാക്കുകയും ചെയ്‌തിരുന്നു. അദ്ദേഹം മടങ്ങിയതിന് പിന്നാലെയാണ് പാകിസ്ഥാന്
മറ്റൊരു പ്രഹരം പോലെ ഇന്ത്യയ്‌ക്ക് ഈ ക്ഷണം ലഭിച്ചത്.
യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്‌ദുള്ള ബിൻ സയ്യിദ് അൽനഹ്യാനാണ് ക്ഷണക്കത്ത് സുഷമാ സ്വരാജിന് അയച്ചത്. ഇന്ത്യയുമായുള്ള ബന്ധം വിപുലമാക്കാനുള്ള യു.എ.ഇ നേതൃത്വത്തിന്റെ ആഗ്രഹമാണ് ക്ഷണത്തിലൂടെ തെളിഞ്ഞതെന്നും രാജ്യത്തെ 18.5കോടി മുസ്ളീംങ്ങളുടെ സാന്നിദ്ധ്യവും ഇസ്ളാമിക് രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ സംഭാവനകളും കണക്കിലെടുത്താണ് ക്ഷണമെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു.
ഒ.ഐ.സിയിൽ ഇന്ത്യയെപ്പോലുള്ള അനിസ്ളാമിക രാജ്യങ്ങളെ നിരീക്ഷകരാക്കണമെന്ന് അംഗരാജ്യമായ ബംഗ്ളാദേശ് കഴിഞ്ഞ വർഷത്തെ സമ്മേളനത്തിൽ നിർദ്ദേശിച്ചിരുന്നു.എന്നാൽ നിരീക്ഷക പദവിക്ക് വേണ്ടി തൽക്കാലം ശ്രമിക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം.