ന്യൂഡൽഹി: ജയ്പൂർ സ്വദേശിയായ അപൂർവി ചന്ദേല ഡൽഹി ഡോ. കാർനി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ ഇന്നലെ തുടങ്ങിയ ഷൂട്ടിംഗ് ലോകകപ്പിലെ പത്ത് മീറ്റർ എയർ റൈഫിൾസ് വിഭാഗത്തിൽ ലോക റെക്കാഡോടെ സ്വർണം നേടി. 252.9 പോയിന്റ് നേടിയ 26കാരിയായ ചന്ദേല കഴിഞ്ഞ ഏപ്രിലിൽ കൊറിയയിലെ ചാങ്വോൺ ലോകകപ്പ് ഷൂട്ടിംഗിൽ ചൈനയുടെ റുവോഷു ഷാവോ സ്ഥാപിച്ച 252.4 പോയിന്റിന്റെ റെക്കാഡാണ് പഴങ്കഥയാക്കിയത്. ഇന്നലെ റുവോഷുവിന് വെള്ളി കൊണ്ട് തൃപ്തിപ്പേടെണ്ടി വന്നു(252.4 പോയിന്റ് ). ചൈനയുടെ തന്നെ ഹോങ് ഷൂവിനാണ്(230.4) വെങ്കലം.
ചൈനീസ് താരങ്ങളുടെ ആധിപത്യത്തോടെ തുടങ്ങിയ ഫൈനൽ റൗണ്ടിൽ സ്ഥിരതയോടെ വെടിയുതിർത്താണ് ചന്ദേല സ്വർണവും ലോകറെക്കാഡും സ്വന്തമാക്കിയത്. 12-ാം സ്ഥാനം നേടിയ അൻജും മൊദുഗിലും 30-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എളവനിൽ വാലരിവനും നിരാശപ്പെടുത്തിയപ്പോൾ ഫൈനൽ റൗണ്ടിൽ ഇന്ത്യയുടെ ഏക മെഡൽ പ്രതീക്ഷ ചന്ദേലയായിരുന്നു. 10.1 പോയിന്റുമായി തുടക്കമിട്ട ചന്ദേല ചൈനീസ് താരങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് ആദ്യം തോന്നിയില്ല. എന്നാൽ ബാക്കിയുള്ള 23 ഷോട്ടുകളിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ താരം മുന്നേറുന്നതാണ് കണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട അവസാന റൗണ്ടുകളിൽ 10.6, 10.8, 10.6, 10.8 എന്ന പ്രകടനം ചന്ദേലയെ മുന്നിലെത്തിച്ചു. 24-ാം ഷോട്ടിൽ ഇരുവർക്കും ലഭിച്ചത് 10.5 പോയിന്റ്. ആകെ 252..9 പോയിന്റ് നേടിയ ചന്ദേല ലോകറെക്കാഡ് സ്ഥാപിച്ച് സ്വർണവും ഉറപ്പിച്ചു.
സ്വന്തം കാണികളുടെ പ്രോത്സാഹനം പ്രകടനത്തെ സഹായിച്ചെന്ന് ചന്ദേല പറഞ്ഞു. നന്നായി പ്രാക്ടീസ് ചെയ്തെങ്കിലും പോരാട്ടം കടുത്തതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അമ്മ ബിന്ദുവും ഗാലറിയിൽ മകളുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 2015ൽ ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും വെങ്കലവും നേടിയതാണ് ചന്ദേലയുടെ ഇതിനുള്ള മുമ്പുള്ള മികച്ച നേട്ടം. 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു. ഇക്കഴിഞ്ഞ ഗോൾഡ് കോസ്റ്റ് മീറ്റിൽ വെങ്കലത്തിലൊതുങ്ങി. 2018 ഏഷ്യൻ ഗെയിംസിൽ രവികുമാറിനൊപ്പം മറ്റൊരു വെങ്കല നേട്ടവും ചന്ദേലയുടെ പേരിലുണ്ട്. ചന്ദേലയും മറ്റ് രണ്ട് ചൈനീസ് താരങ്ങളും നേരത്തെ തന്നെ 2020ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയതാണ്.