ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി എന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ മാർച്ച് ഒന്നുമുതൽ അനിശ്‌ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. സമ്പൂർണ സംസ്ഥാന പദവി ലഭിക്കുംവരെ നരേന്ദ്രമോദിക്ക് ഡൽഹിക്കാർ വോട്ടു ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ പദവി ലഭിച്ചാൽ എല്ലാ ഡൽഹിക്കാർക്കും നല്ല വീടുകൾ നിർമ്മിച്ചു നൽകുമെന്നും കേജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റിലും ആം ആദ്‌മി പാർട്ടി ജയിച്ചാൽ രണ്ടുവർഷത്തിനുള്ളിൽ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി ലഭ്യമാക്കുമെന്ന് കേജ്‌രിവാൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസുമായുള്ള നീക്കുപോക്ക് പ്രകാരം മത്സരം നാലു സീറ്റിലൊതുങ്ങാനാണ് സാദ്ധ്യത.