നിർമ്മാണത്തിലുള്ള വീടുകൾക്ക് ഇനി 5% ( നിലവിൽ 12%)
ചെലവ് കുറഞ്ഞ വീടുകൾക്ക് ഇനി വെറും 1% ( നിലവിൽ 8%)
ന്യൂഡൽഹി:വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസം നൽകി, നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായും ചെലവ് കുറഞ്ഞ വീടുകളുടെ ജി.എസ്.ടി എട്ട് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായും കുറച്ചു.
കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന 33ാമത് ജി. എസ്. ടി കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനങ്ങൾ. ഏപ്രിൽ 1ന് ഇളവുകൾ നിലവിൽ വരും.
വീടുകളും ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നവർക്ക് ഇത് നേട്ടമാകും. ഭവന നിർമ്മാണ മേഖലയ്‌ക്ക് ഇത് ഊർജ്ജം പകരുമെന്ന് ജെയ്റ്റ്‌ലി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ സിമൻറ്, സ്റ്റീൽ തുടങ്ങിയ വാങ്ങുമ്പോൾ നൽകിയ നികുതി കുറച്ചശേഷമുള്ള നികുതി നൽകാൻ ബിൽഡേഴ്സിന് അവസരമുണ്ടായിരുന്നു. (ഇൻപുട്ട് ക്രെഡിറ്റ്) പുതിയ ജി. എസ്. ടിയിൽ ഇത് അവകാശപ്പെടാനാവില്ല.
സംസ്ഥാനങ്ങളുടെ വരുമാന ചോർച്ച തടയാൻ 80 ശതമാനം ചരക്കുകളും രജിസ്റ്റേർഡ് വ്യാപാരികളിൽ നിന്ന് വാങ്ങണമെന്നും യോഗം തീരുമാനിച്ചു.
ചെലവ് കുറഞ്ഞ വീടുകൾക്ക് കൂടുതൽ ഇളവ്.
ഇവയുടെ വിസ്തൃതി മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്ററാക്കി
മറ്റ് നഗരങ്ങളിൽ 90 ചതുര മീറ്ററാക്കി
ചെലവിന്റെ പരിധി 45 ലക്ഷം രൂപയാക്കി
ലോട്ടറി നികുതി ഏകീകരണം വീണ്ടും ഉപസമിതിക്ക്
ലോട്ടറി നികുതി ഏകീകരിക്കാനുള്ള നിർദ്ദേശം വീണ്ടും മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനയ്‌ക്ക് വിട്ടു. ലോട്ടറി നികുതിയിൽ ഭേദഗതി വരുത്താൻ കേരളത്തിന്റെയും പഞ്ചാബിന്റെയും പശ്ചിമബംഗാളിന്റെയും അസാന്നിദ്ധ്യത്തിൽ മന്ത്രിസഭാ ഉപസമിതിയെടുത്ത തീരുമാനം കൗൺസിൽ ചർച്ചചെയ്യരുതെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. തർക്കമായതോടെ വിഷയം വീണ്ടും ഉപസമിതിക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നികുതി ഏകീകരണത്തിൽ തീരുമാനം നീളാനാണ് സാദ്ധ്യത. ഇത് കേരളത്തിന് ആശ്വാസമായി. സംസ്ഥാന സർക്കാരുകളുടെ ലോട്ടറിക്ക് 12 ശതമാനവും മറ്റുള്ള ലോട്ടറികൾക്ക് 28 ശതമാനവുമാണ് നികുതി. ഇത് ഏകീകരിക്കണമെന്നാണ് സ്വകാര്യ ലോട്ടറി ഉടമകളുടെ ആവശ്യം.
ഇത് വീണ്ടും ഉപസമിതിക്കു വിട്ടത് കേരളത്തിന്റെ പോരാട്ടത്തിന്റെ വിജയമാണെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് മാദ്ധ്യമങ്ങളോടു പറഞ്ഞു.ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങളായ ബംഗാളും പഞ്ചാബും ഇക്കാര്യത്തിൽ കേരളത്തിനൊപ്പം നിന്നതിൽ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂർ നീണ്ട വാഗ്വാദങ്ങൾക്കൊടുവിലാണ് വിഷയം വീണ്ടും ഉപസമിതിക്കു വിട്ടത്. നികുതി ഏകീകരണത്തിനായി ലോട്ടറി മാഫിയ തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു. അടുത്ത കൗൺസിൽ യോഗം മാർച്ചിൽ വീഡിയോ കോൺഫറൻസിലൂടെയായിരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.