ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചന നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. തനിക്കെതിരെ നിലവിലുള്ള ആരോപണങ്ങളും കേസുകളും അവസാനിച്ചാൽ ജനങ്ങളെ സേവിക്കാൻ വലിയ ചുമതലകൾ വഹിക്കാൻ ഒരുക്കമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വാദ്ര കുറിച്ചു. യു.പിയിലും രാജ്യത്തെ
വിവിധയിടങ്ങളിലും നിരവധി തവണ പ്രചാരണത്തിന്ഇറങ്ങിയിട്ടുണ്ട്. ഇതിലൂടെ ജനങ്ങൾക്കായി കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി.ആരോപണങ്ങൾക്കെല്ലാം അവസാനമായാൽ ജനസേവനത്തിനായി കൂടുതൽ പങ്ക് സമർപ്പിക്കും. രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഒരു ദശകത്തിലേറെയായി വിവിധ സർക്കാരുകൾ എൻറെ പിറകെയാണ്. ജനങ്ങൾ ഇത് മനസിലാക്കും. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തിരിച്ചറിയുമെന്നും വാദ്ര പോസ്റ്റിൽ പറഞ്ഞു.
ലണ്ടനിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വാധ്രയെ എൻഫോഴ്സ്‌മെൻറ് ഈ മാസം നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അതിനിടെ
രാജസ്ഥാനിലെ ബിക്കാനിർ ഭൂമിയിടപാട് കേസിൽ റോബർട്ട് വാധ്രയുമായി ബന്ധമുള്ള സ്കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റിയുടെ 4.62 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് കണ്ടുകെട്ടുകെട്ടുകയും ചെയ്തിരുന്നു.