sc

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സൈനികർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ സംവിധാനമൊരുക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും ജമ്മുകാശ്മീർ ഭരണകൂടത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീംകോടതി നോട്ടീസയച്ചു.
ലെഫ്. കേണൽ കേദാർ ഗോഖലെയുടെ മകൾ പ്രീതി കേദാർ ഗോഖലെ (19), വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ അനൂജ്കുമാർ മിശ്രയുടെ മകൾ കാജൽ മിശ്ര (20) എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാശ്മീരിൽ കല്ലെറിയുന്നവർക്ക് സംരക്ഷണം കിട്ടുന്ന നിലയിലാണ് നിയമമെന്ന് ഹർജിയിൽ ആരോപിക്കുന്നു.

കല്ലെറിയുന്നവർ സ്വതന്ത്രരായി വിലസുന്നു. തിരിച്ചടിക്കുകയോ സ്വയരക്ഷയ്ക്ക് വേണ്ടി പ്രതിരോധിക്കുകയോ ചെയ്യുന്ന സൈനികന്റെ പേരിൽ എഫ്.ഐ.ആർ എടുക്കുകയാണ്.
ഷോപ്പിയാനും പുൽവാമയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുമ്പോൾ സൈനികർക്കെതിരെ വ്യാപക കല്ലേറുണ്ടാകുന്നു. പ്രശ്നബാധിത മേഖലകളിൽ സൈനികരെ നിയോഗിച്ചിരിക്കുന്നത് അവരുടെ ജോലി ചെയ്യാനാണ്. ആ ഡ്യൂട്ടി തടസപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കാൻ സൈനികർക്ക് കഴിയുന്നില്ല.

സൈനികർക്ക് നേരെയുള്ള ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ സംവിധാനമൊരുക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.