ന്യൂഡൽഹി: ലോക നിലവാരമൊരുക്കാൻ തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏല്പിക്കുന്നതിനായി എയർപോർട്ട് അതോറിട്ടി നടത്തിയ ലേലത്തിൽ അദാനി ഗ്രൂപ്പ് മുന്നിലെത്തി. ഇതോടെ, തിരുവനന്തപുരം, മംഗളൂരു, അഹമ്മദാബാദ്, ലക്നൗ, ജയ്‌പൂർ വിമാനത്താവളങ്ങൾ പി.പി.പി മാതൃകയിൽ 50 കൊല്ലത്തേക്ക് അദാനിക്ക് പാട്ടത്തിന് കിട്ടും. കോടതി സ്‌റ്റേമൂലം ഗുവാഹത്തിയിലെ ലേലം നടന്നില്ല. ഇന്നു നടന്നേക്കും.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് അപേക്ഷിച്ചിരുന്ന സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ഐ.ഡി.സിയുടെ ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ജി.എം.ആർ എന്നീ ഏജൻസികളെയാണ് അദാനി പിന്തള്ളിയത്. അദാനി ഗ്രൂപ്പ് സമർപ്പിച്ച ലേലത്തുക (എയർപോർട്ട് അതോറിട്ടിക്ക് നൽകേണ്ടത്) ഒരു യാത്രക്കാരന് പ്രതിമാസം 168 രൂപയാണ്. 135 രൂപ സമർപ്പിച്ച കെ.എസ്.ഐ.ഡി.സിക്ക് സർക്കാർ നൽകിയ റൈറ്റ് ഒഫ് ഫസ്‌റ്റ് റെഫ്യൂസൽ പ്രകാരമുള്ള പത്ത് ശതമാനം ഇളവു ലഭിച്ചാലും അദാനി ഗ്രൂപ്പിന് തുല്യമാകില്ല.
ആറ് വിമാനത്താവളങ്ങൾക്കായി പത്ത് കമ്പനികൾ നൽകിയ 32 സാങ്കേതിക ബിഡുകളാണ് ഇന്നലെ തുറന്നത്. അഹമ്മദാബാദ്, ജയ്‌പൂർ വിമാനത്താവളങ്ങളിലെ നടത്തിപ്പിന് ഏഴ് അപേക്ഷകൾ വീതവും ലക്നൗ, ഗുവാഹതി എന്നിവയ്‌ക്ക് ആറു ബിഡുകളും ലഭിച്ചിരുന്നു. തിരുവനന്തപുരത്തിനും മംഗളൂരുവിനും മൂന്ന് ഏജൻസികളേ അപേക്ഷിച്ചുള്ളൂ. 45 രൂപ ലേല തുകയുമായി മംഗളൂരുവിന് വേണ്ടി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ലിമിറ്റഡും (സിയാൽ) ശ്രമിച്ചിരുന്നു.
അദാനി ഗ്രൂപ്പ് മറ്റ് വിമാനത്താവളങ്ങളിൽ നൽകിയ ലേല തുക: 115 -മംഗലാപുരം, 174 - ജയ്‌പൂർ, 171- ലക്നൗ, 177- അഹമ്മദാബാദ്. തുറമുഖ, ഖനന, ഊർജോത്പാദന മേഖലകളിലെ മുൻനിര കമ്പനിയായ അദാനി വിമാനത്താവള നടത്തിപ്പിനിറങ്ങുന്നത് ആദ്യമാണ്. വിഴിഞ്ഞം തുറമുഖ നടത്തിപ്പ് ചുമതലയുള്ള അദാനിക്ക് മംഗലപുരം, അഹമ്മദാബാദ് എന്നീ തുറമുഖ പട്ടണങ്ങളിലെ വിമാനത്താവളങ്ങളും കൈയിൽ വരുന്നത് നേട്ടമാണ്.