ന്യൂഡൽഹി: രാജ്യത്തിനായി വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരമായി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു. സ്മാരക സ്തംഭത്തിലെ കെടാവിളക്ക് തെളിയിച്ചാണ് പ്രധാനമന്ത്രി സ്മാരകം തുറന്നത്. ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റിന് സമീപം 40 ഏക്കറിലാണ് സ്മാരകം. സ്വാതന്ത്ര്യാനന്തരം യുദ്ധത്തിലും മറ്റുമായി വീരമൃത്യുവരിച്ച 25,942 ജവാന്മാരുടെ പേരുകളും അവരുടെ റാങ്കും റെജിമെൻറും മെമ്മോറിയലിലെ 16 ചുമരുകളിലായി കൊത്തിവച്ചിട്ടുണ്ട്. പൗരാണിക സൈനിക വിന്യാസമായ ചക്രവ്യൂഹ മാതൃകയിൽ അമർ ചക്ര, വീരത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളായാണ് രൂപകൽപ്പന. പരംവീരയോദ്ധാസ്ഥലിൽ പരംവീര ചക്ര ലഭിച്ച 21 പേരുടെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 176 കോടി ചെലവിട്ടാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. 250 പേർക്ക‌് ഒരേസമയം സന്ദർശനം നടത്താം. 2015ലാണ് കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.
രാജ്യമല്ല, കുടുംബമാണ് ചിലർക്ക് പ്രധാനം: മോദി
സ്മാരകം രാജ്യത്തിന് സമർപ്പിച്ചശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ കോൺഗ്രസ് സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു. ചിലയാളുകൾക്ക് രാജ്യമല്ല കുടുംബമാണ് ആദ്യം. സുരക്ഷാ സേനയുടെ ആവശ്യങ്ങളോട് കുറ്റകരമായ അനാസ്ഥയാണ് മുൻസർക്കാരുകൾ കാണിച്ചത്. പ്രതിരോധമേഖലയെ അഴിമതിക്കും ലാഭത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. ബോഫോഴ്സ് മുതൽ ഹെലികോപ്ടർ ഇടപാടുവരെ എല്ലാ അന്വേഷണങ്ങളും ഒരു കുടുംബത്തെയാണ് ചൂണ്ടിയത്. ഇപ്പോൾ അവർ റാഫേൽ യുദ്ധവിമാനങ്ങൾ രാജ്യത്തെ എത്താതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. അത്യാധുനിക ജെറ്റുകൾ ഇന്ത്യയിൽ എത്തരുതെന്ന‌് കരുതിയാണ‌് റാഫേൽ ഇടപാടിൽ അഴിമതി ആരോപിക്കുന്നത്. എല്ലാം മറികടന്ന് അടുത്ത് തന്നെ ഇന്ത്യൻ ആകാശത്ത് റാഫേൽ വിമാനങ്ങൾ പറക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധസ്മാരകമുണ്ടാക്കാതെ മുൻസർക്കാരുകൾ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തോട് അനീതിയാണ് കാണിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.