-election-commission

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇലക്‌ഷൻ കമ്മിഷൻ അടിയന്തര യോഗങ്ങൾ തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കേണ്ട ജമ്മു കാശ്‌മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മാർച്ച് 4,​5 തീയതികളിൽ കമ്മിഷൻ അംഗങ്ങൾ അവിടേക്കു പോകുന്നുണ്ട്. തിരികെ എത്തിയാലുടൻ തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ജമ്മു കാശ്‌മീരിൽ പുൽവാമ ഭീകരാക്രമണത്തിനു ശേഷമുള്ള സുരക്ഷാപ്രശ്നങ്ങൾ വിലയിരുത്താനാണ് കമ്മിഷൻ അംഗങ്ങൾ അവിടം സന്ദർശിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ചൗബ കാശ്‌മീർ സാഹചര്യങ്ങൾ നേരത്തേ കമ്മിഷനെ അറിയിച്ചിരുന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇവിടങ്ങളിൽ കമ്മിഷൻ നേരത്തേ സന്ദർശനം നടത്തിയിരുന്നു.

കുറഞ്ഞത് ആറു ഘട്ടങ്ങളായാകും പോളിംഗ് എന്നു സൂചനയുണ്ട്. സുരക്ഷാ സേനയെ വിന്ന്യസിക്കാനുള്ള സൗകര്യമനുസരിച്ചാണ് വിവിധ ഘട്ടങ്ങളിലെ തീയതികൾ നിശ്‌ചയിക്കുക.