ന്യൂഡൽഹി: അയോദ്ധ്യ ബാബ്റി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി മേൽനോട്ടത്തിൽ മദ്ധ്യസ്ഥനെ നിയമിക്കണ എന്നതിൽ മാർച്ച് 5ന് ഉത്തരവിറക്കുമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി. അയോദ്ധ്യ വിഷയം വെറും സ്വത്ത് തർക്കമല്ലെന്നും മുറിവുണക്കാനാണ് ശ്രമമെന്നും കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച രേഖകളുടെ തർജ്ജമ പരിശോധിച്ച് എട്ടാഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകാനും കോടതി കക്ഷികളോട് നിർദ്ദേശിച്ചു.
മദ്ധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരത്തിന് സാദ്ധ്യതയുണ്ടെങ്കിൽ അത് തേടണമെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.ഒരു ശതമാനം സാദ്ധ്യതയെങ്കിലുമുണ്ടെങ്കിൽ അത് പരിശോധിക്കണം. മുറിവുണക്കാനുള്ള സാദ്ധ്യതയാണ് ഞങ്ങൾ പരിഗണിക്കുന്നത്. ബെഞ്ച് വ്യക്തമാക്കി.

മദ്ധ്യസ്ഥ ശ്രമങ്ങൾ നേരത്തെ നടന്നിട്ടുണ്ടെങ്കിലും പരാജയമായിരുന്നുവെന്ന് മുസ്ലിം സംഘടനകൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. എന്നാൽ കോടതി അങ്ങനെ തീരുമാനിച്ചാൽ എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും മദ്ധ്യസ്ഥ ശ്രമങ്ങൾക്ക് പിറകെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് രാംലല്ലയ്ക്കായി ഹാജരായ സി.എസ് വൈദ്യനാഥൻ പറഞ്ഞു.

തർജ്ജമ ചെയ്ത രേഖകളിൽ ഇരുവിഭാഗത്തിനും അഭിപ്രായ വ്യത്യാസമില്ലെങ്കിൽ വാദം തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. വാദം തുടങ്ങിയ ശേഷം തർജ്ജമയിൽ അഭിപ്രായ വ്യത്യാസം ഉന്നയിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

രേഖകൾ സംബന്ധിച്ച് രജിസ്ട്രി മുദ്രവച്ച കവറിൽ ബെഞ്ചിന് കൈമാറിയ റിപ്പോർട്ട് പരിശോധിക്കാൻ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു.

രേഖകളുടെ തർജ്ജമ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിന് എട്ട് മുതൽ 12 ആഴ്ചവരെ സമയം വേണമെന്നും രാജീവ് ധവാൻ പറഞ്ഞു. എന്നാൽ തർജ്ജമ ചെയ്ത രേഖകൾ 2017 ഡിസംബറിൽ എല്ല കക്ഷികളും പരിശോധിച്ച് അംഗീകരിച്ചതാണെന്ന് സി.എസ് വൈദ്യനാഥൻ ചൂണ്ടിക്കാട്ടി. രാമൻ ജനിച്ച ഭൂമിയിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു.
തർക്കമുള്ള 2.77 എക്കർ ഭൂമി സുന്നി വഖ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധിയുമായി ബന്ധപ്പെട്ട് 14 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.

38,000 പേജുകളിലായി ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു, ഗുരുമുഖി ഭാഷകളിലാണ് രേഖകൾ.