325 ജയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു
മൂന്ന് ഭീകരക്യാമ്പുകൾ തകർത്തു
അതിർത്തിയിൽ പാക് വെടിവയ്പ്
തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ
ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരെ കൂട്ടക്കുരുതി ചെയ്‌തതിന് മാരകമായ തിരിച്ചടി നൽകി, ഇന്ത്യൻ
പോർവിമാനങ്ങൾ ഇന്നലെ പുലർച്ചെ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബാക്രമണത്തിൽ ചുട്ടെരിച്ചു. പാകിസ്ഥാനെ കിടിലം കൊള്ളിച്ച ഇന്ത്യൻ ആക്രമണത്തിൽ 325 ഭീകരർ കൊല്ലപ്പെട്ടു.
ആണവശക്തിയായ ഒരു രാജ്യത്ത് മറ്റൊരു ആണവായുധ രാഷ്‌ട്രം വ്യോമാതിർത്തി ലംഘിച്ച് കയറി പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് ആദ്യമാണ്.
കൊല്ലപ്പെട്ടവരിൽ ജയ്ഷെ തലവൻ മസൂദ് അസറിന്റെ വലംകൈയും ഭാര്യാ സഹോദരനുമായ യൂസുഫ് അസറും ഇന്ത്യ നോട്ടമിട്ടിരുന്ന മറ്റ് ചില കൊടും ഭീകരരും ഉൾപ്പെടുന്നു. 1999ൽ കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുത്ത് മസൂദ് അസറിനെ മോചിപ്പിച്ച ഒാപ്പറേഷൻ നയിച്ചത് യൂസുഫ് അസറായിരുന്നു.
വെറും 21 മിനിട്ട് നീണ്ട ഓപ്പറേഷനിൽ പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ സൂക്ഷ്‌മ പ്രഹരശേഷിയുള്ള 1000 കിലോ ലേസർ നിയന്ത്രിത ബോംബുകളാണ് വർഷിച്ചത്. ഇതോടെ ആണവ ശക്തികളായ ഇരു രാജ്യങ്ങൾക്കും ഇടയിൽ സംഘർഷം രൂക്ഷമായി. അതിർത്തിയിൽ യുദ്ധസമാന അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഒരു അദ്ഭുതത്തിന് കാത്തിരിക്കാൻ മുന്നറിയിപ്പ് നൽകിയ പാകിസ്ഥാൻ കാശ്‌മീരിലെ നൗഷേര, അഖ്‌നൂർ മേഖലകളിൽ ഷെല്ലാക്രമണവും വെടിവയ്പും ആരംഭിച്ചിട്ടുണ്ട്. ഇരുപക്ഷത്തെയും സൈന്യം അതീവ ജാഗ്രതയിലാണ്.
ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രമായ ബലാകോട്ട് ക്യാമ്പും അധിനിവേശ കാശ്‌മീരിലെ മുസാഫറാബാദിലെയും ചകോതിയിലെയും ക്യാമ്പുകളുമാണ് ഇന്ത്യ തകർത്തത്. പാകിസ്ഥാൻ മണ്ണിൽ സ്ഥിതി ചെയ്യുന്ന ബലാകോട്ട് ക്യാമ്പിലെ ഭീകരരാണ് കൊല്ലപ്പെട്ടത്. അവിടെ ആക്രമണം നടക്കുമ്പോൾ 300 ഭീകരൻമാരും 25 പരിശീലകരും ഉറക്കമായിരുന്നു. എല്ലാം നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി. അധിനിവേശ കാശ്‌മീരിനപ്പുറം സ്വന്തം മണ്ണിൽ കടന്നു ചെന്ന് ഇന്ത്യ നടത്തിയ പ്രഹരമാണ് പാകിസ്ഥാനെ അമ്പരപ്പിച്ചത്.
യൂസുഫ് അസറിനെയാണ് ബലാകോട്ടിൽ ഇന്ത്യൻ സേന ലക്ഷ്യമിട്ടത്. ഈ ക്യാമ്പിന്റെ ചുമതല ഇയാൾക്കായിരുന്നു. വിമാന റാഞ്ചൽ കേസിൽ ഇയാളെ പിടികൂടാൻ സി.ബി.ഐ ഇന്റർപോൾ വഴി റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചെങ്കിലും ആളപായം അടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മൂന്ന് ക്യാമ്പുകൾ
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺ ഖ്വ പ്രവിശ്യയിലെ മൻഷേര ജില്ലയിലാണ് ബലാകോട്ട് ക്യാമ്പ്. അൽ ക്വ ഇദ ഭീകരൻ ഒസാമാ ബിൻ ലാദനെ അമേരിക്കൻ കമാൻഡോകൾ വധിച്ച അബോട്ടാബാദിന് സമീപം നിയന്ത്രണ രേഖയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ഈ ക്യാമ്പ്. ജെയ്ഷെ മുഹമ്മദിന് മുൻപ് ഇവിടം ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ ക്യാമ്പായിരുന്നു. ജനവാസ മേഖലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ക്യാമ്പിൽ 700 ഭീകരർക്ക് വരെ തങ്ങാനുള്ള സൗകര്യമുണ്ടായിരുന്നു. പരിശീലനത്തിന് ഫയറിംഗ് റേഞ്ച്, നീന്തൽക്കുളം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പുലർച്ചെ 3.45നാണ് ഇവിടെ ബോംബിട്ടത്.
അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലാണ് രണ്ടാമത്തെ ക്യാമ്പ്. ഇവിടെ 3.48ന് ആക്രമണം നടന്നു.
മുസാഫറാബാദിൽ നിന്ന് 52 കിലോമീറ്റർ അകലെ ഇന്ത്യ - പാക് അതിർത്തിയിലെ ഹാത്തിയൻ ബാല ജില്ലയിൽ ധ്തലം നദീ തീരത്തുള്ള ഗ്രാമമാണ് ചകോതി. 3.58നായിരുന്നു ചകോതിയിലെ ആക്രമണം.
പന്ത്രണ്ടാം നാൾ തിരിച്ചടി
പുൽവാമയിൽ പാക് ഭീകരർ ആക്രമണം നടത്തി പന്ത്രണ്ടാം ദിനമാണ് ഇന്ത്യ തിരിച്ചടിച്ചത്. ജവാന്മാരുടെ വീരമൃത്യു വിഫലമാവില്ലെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നും അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തിരിച്ചടിക്കാനുള്ള സ്ഥലവും സമയവും നിശ്ചയിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു. അമേരിക്ക, റഷ്യ, ചൈന, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ ആക്രമണ വിവരം ഇന്ത്യ അറിയിച്ചിരുന്നു.
പരമ രഹസ്യം
ഇന്നലെ പുലർച്ചെ 3.45 മുതൽ 4.06 വരെയുള്ള 21 മിനിട്ടിലാണ് മിറാഷ് വിമാനങ്ങൾ ഓപ്പറേഷൻ നടത്തിയത്. പാകിസ്ഥാന് അശേഷം സംശയത്തിനിട നൽകാതെ വിദഗ്ദ്ധമായാണ് ഇന്ത്യ ആക്രമണം ആസൂത്രണം ചെയ്‌തത്.
പശ്‌ചിമ, മദ്ധ്യ കമാൻഡുകളുടെ നേതൃത്വത്തിൽ വിവിധ എയർബേസുകളെ ഏകോപിപ്പിച്ചായിരുന്നു ആസൂത്രണം. ഗ്വാളിയർ എയർബേസിൽ നിന്ന് പന്ത്രണ്ട് മിറാഷ് വിമാനങ്ങൾ ആയിരം കിലോ ലേസർ നിയന്ത്രിത ബോംബുകളുമായി പറന്നുയർന്നു. ആക്രമണ വ്യൂഹത്തിന് പിന്തുണയുമായി പഞ്ചാബിൽ നിന്ന് വാണിംഗ് ജറ്റും ആഗ്രയിൽ നിന്ന് ഇന്ധന വിമാനവും ഒരു ഡ്രോണും പറന്നുയർന്നു. പാക് റഡാറുകളുടെ കണ്ണു വെട്ടിച്ച മിറാഷുകൾ പാക് മണ്ണിലേക്ക് കടന്ന് മിന്നൽ വേഗത്തിൽ ആക്രമണം നടത്തി.
1971ന് ശേഷം ആദ്യം
1971ലെ ഇന്തോ - പാക് യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പോർ വിമാനങ്ങൾ പാകിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് അകത്ത് കയറി ആക്രമണം നടത്തുന്നത്. കാർഗിൽ യുദ്ധകാലത്ത് പോലും നിയന്ത്രണ രേഖ ലംഘിക്കരുതെന്ന് വാജ്പേയി സർക്കാർ വ്യോമസേനയ്‌ക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. 2016ലെ സർജിക്കൽ സ്‌ട്രൈക്കിലാകട്ടെ, കരസേനയുടെ സ്‌പെഷ്യൽ ഫോഴ്സ് കാൽനടയായി നിയന്ത്രണ രേഖ മുറിച്ച് കയറുകയായിരുന്നു.