ന്യൂഡൽഹി: എഴുത്തുകാരൻ എം.എം.കൽബുർഗി വധക്കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിട്ടു. മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനാണ് സുപ്രീംകോടതി കേസ് കൈമാറിയത്. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. നിലവിൽ കർണാടക സി.ഐ.ഡിയാണ് കേസ് അന്വേഷിച്ചിരുന്നത്. ഗൗരിലങ്കേഷ് വധവും കൽബുർഗി വധവും തമ്മിൽ സാമ്യതകളുണ്ടെന്ന് ജസ്റ്റിസുമാരായ രോഹിൻറൺ നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഉമാദേവി കൽബുർഗി നൽകിയ ഹർജിയിലാണ് നടപടി. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ വധവും കൽബുർഗി വധവും തമ്മിൽ സാമ്യതകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നാലുപേരുടെയും വധവും തമ്മിൽ ബന്ധമുണ്ടെങ്കിൽ സി.ബി.ഐ അന്വേഷണമാകാമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഗൗരിലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഇന്നലെ കർണാടക സർക്കാർ അറിയിച്ചു. തുടർന്ന് കൽബുർഗി വധവും ഈ സംഘത്തിന് കൈമാറാൻ കോടതി തീരുമാനിക്കുകയായിരുന്നു.
ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം ധബോൽക്കർ വധം സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ധബോൽക്കറിന്റെ കൊലയാളികൾക്ക് ഗൗരിലങ്കേഷ് വധവുമായി ബന്ധമുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്രയിൽ അനാചാരങ്ങൾക്കെതിരെ പോരാടിയ ധബോൽക്കറെ പ്രഭാത നടത്തത്തിനിടെ 2013 ആഗസ്റ്റിലാണ് വെടിവച്ചുകൊന്നത്. മഹാരാഷ്ട്രയിലെ സി.പി.ഐ നേതാവും എഴുത്തുകാരനുമായ ഗോവിന്ദ് പൻസാരെയെ 2015 ഫെബ്രുവരിയിലും കന്നട എഴുത്തുകാരനും പ്രൊഫസറുമായ കൽബുർഗിയെ 2015 ആഗസ്റ്റിലും 2017 സെപ്തംബറിൽ ബംഗ്ലുരുവിലെ വീടിന് മുന്നിൽവച്ച് ഗൗരിലങ്കേഷിനെയും അജ്ഞാതർ വെടിവച്ചുകൊല്ലുകയായിരുന്നു. തീവ്രഹൈന്ദവസംഘടനകളിൽപ്പെട്ടവരാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം.