ന്യൂഡൽഹി:റാഫേൽ യുദ്ധവിമാന ഇടപാടിൽ സ്വതന്ത്ര അന്വേഷണം തള്ളിയ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി തുറന്നകോടതിയിൽ വാദംകേൾക്കും . ഇന്നലെ വിഷയം ചേംബറിൽ പരിശോധിച്ച ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചാണ് തീരുമാനമെടുത്തത്. അതേസമയം തീയതി നിശ്ചയിച്ചിട്ടില്ല.
റാഫേൽ അഴിമതി ആരോപണങ്ങളിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകുന്ന വിധം ഡിസംബർ 14നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് എകകണ്ഠമായി വിധി പറഞ്ഞത്. സി.എ.ജി റിപ്പോർട്ടിനെക്കുറിച്ചുള്ള പരാമർശമുൾപ്പെടെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണും മുൻകേന്ദ്രമന്ത്രിമാരായ അരുൺഷൂരിയും യശ്വന്ത് സിൻഹയും പുനഃപരിശോധനാഹർജി നൽകുകയായിരുന്നു. സി.എ.ജി റിപ്പോർട്ട് പാർലമെന്റിൽ വച്ചിട്ടുണ്ടെന്ന വിധിയിലെ പരാമർശം വ്യാകരണപിശകാണെന്നും ഇത് തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ അപേക്ഷയും സുപ്രീംകോടതിയിലുണ്ട്.
റാഫേൽ വിമാനത്തിന്റെ വിലവിവരം സി.എ.ജിക്ക് നൽകിയിട്ടുണ്ടെന്നും സി.എ.ജി റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം പാർലമെന്റിൽ വച്ചിട്ടുണ്ടെന്നും വിധിയിൽ പറയുന്നുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13നാണ് സി.എ.ജി റിപ്പോർട്ട് പാർലമെൻറിൽവച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയും കോടതിയിലുണ്ട്.