പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകി പാക് അതിർത്തി കടന്ന് ജയ്ഷെ ഭീകരക്യാമ്പുകൾ തകർത്ത ഇന്ത്യൻ വ്യോമസേനയുടെ ധീരതയെ ഭരണ, പ്രതിപക്ഷ പാർട്ടികൾ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിൽ രാജ്യം സുരക്ഷിതമെന്ന് ബി.ജെ.പി പ്രതികരിച്ചപ്പോൾ, പ്രതിപക്ഷം വ്യോമസേനയ്ക്ക് അഭിനന്ദനമർപ്പിച്ചു.
ഇന്ത്യൻ വ്യോമസേനയെ സല്യൂട്ട് ചെയ്യുന്നു
- രാഹുൽ ഗാന്ധി,
കോൺഗ്രസ് അദ്ധ്യക്ഷൻ
പുതിയ ഇന്ത്യയുടെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും അടിവരയിടുന്നതാണ് വ്യോമസേന നടത്തിയ ആക്രമണം. സേനയുടെ ധീരതയെ അഭിനന്ദിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതവും ശക്തവുമാണ്.
അമിത് ഷാ,
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ
ഐ.എ.എഫ് എന്നാൽ ഇന്ത്യൻ അമേസിംഗ് ഫൈറ്റേഴ്സ് ആണ്
- മമതാ ബാനർജി
ബംഗാൾ മുഖ്യമന്ത്രി
ഇന്ത്യൻ വ്യോമസേനയ്ക്ക് സല്യൂട്ട്
- അഖിലേഷ് യാദവ്,
സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ
ധീരതയെ സല്യൂട്ട് ചെയ്യുന്നു. പുൽവാമ ആക്രമണത്തിനു ശേഷം മാത്രമാണ് മോദി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയത്. നേരത്തേ നൽകിയിരുന്നെങ്കിൽ ഉറി, പത്താൻകോട്ട്, പുൽവാമ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു.
- മായാവതി
ബി.എസ്.പി അദ്ധ്യക്ഷ
പാകിസ്ഥാന് തിരിച്ചടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി പൂർണ പിന്തുണ നൽകിയിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമായ നടപടിയാണിത്.
- പ്രകാശ് ജാവദേക്കർ
കേന്ദ്ര മന്ത്രി
ഇനിയെങ്കിലും പാകിസ്ഥാൻ പാഠം പഠിക്കണം.. ഇന്ത്യൻ സേനയുടെ ശക്തിക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കണം. സ്വന്തം മണ്ണിലെ ഭീകരവാദം ഇല്ലാതാക്കിയില്ലെങ്കിൽ അവർ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും
- എ.കെ ആൻറണി
മുൻ പ്രതിരോധ മന്ത്രി