ന്യൂഡൽഹി: പുൽവാമയിലേതിനു സമാനമായി ജയ്ഷെ ഭീകരർ പദ്ധതിയിട്ട മറ്റൊരു ആക്രമണം തടയുന്നതിന്റെ ഭാഗമായാണ് പാക് അതിർത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണമെന്ന് ഇന്ത്യ.

ഭീകരപദ്ധതി സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിൽ, പ്രതിരോധ നടപടി എന്ന നിലയിൽ മാത്രമാണ് ഭീകരക്യാമ്പുകൾ തകർത്തത്. ഇന്ത്യയുടേത് സൈനിക നടപടിയല്ലെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ഇന്ത്യയുടെ ബോംബാക്രമണം പുലർച്ചെ തന്നെ പാകിസ്ഥാൻ പുറത്തുവിട്ടെങ്കിലും ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നത് രാവിലെ 11.30-ഓടെയാണ്. വ്യോമസേനാ ആക്രമണത്തിന്റെ വിശദാംശങ്ങളോ ആളപായം സംബന്ധിച്ച വിവരങ്ങളോ നൽകാതിരുന്ന വിജയ് ഗോഖലെ എഴുതി തയ്യാറാക്കിയ പ്രസ്‌താവന വായിച്ച് മിനിട്ടുകൾക്കകം പത്രസമ്മേളനം അവസാനിപ്പിച്ചു. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അദ്ദേഹം മടങ്ങുകയും ചെയ്‌തു.

വിജയ് ഗോഖലെയുടെ പ്രസ്‌താവനയുടെ പ്രസക്തഭാഗം: പുൽവാമയിൽ 40 ജവാൻമാരെ കൊലപ്പെടുത്തിയ ചാവേർ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന പാക് അധിനിവേശ കാശ‌്മീരിൽ പരിശീലന ക്യാമ്പുകൾ നടത്തുന്ന വിവരം പല തവണ ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ പരിശീലന ക്യാമ്പുകൾക്കെതിരെ ഒരു നടപടിയും പാകിസ്ഥാൻ കൈക്കൊണ്ടില്ല.

ഇന്റലിജൻസ് വിവരങ്ങൾ അടിസ്ഥാനമാക്കി ഇന്നലെ പുലർച്ചെ ജയ്ഷെ മുഹമ്മദിന്റെ ബാലകോട്ടെ ഏറ്റവും വലിയ പരിശീലന ക്യാമ്പ് ഇന്ത്യ ആക്രമിച്ചു. ഒാപ്പറേഷനിൽ അനേകം ഭീകരരും പരിശീലകരും സീനിയർ കമാൻഡർമാരും പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ജിഹാദികളും കൊല്ലപ്പെട്ടു.

മസൂദിന്റെ ബന്ധു മൗലാനാ യൂസഫ് അസർ എന്ന ഉസ്‌താദ് ഗൗരിയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഭീകരതയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ബാദ്ധ്യസ്ഥമാണ്.