ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ രേഖകളിൽ കൊൽക്കത്ത പൊലീസ് കൃത്രിമം കാട്ടിയതിന് തെളിവുകൾ സമർപ്പിക്കാൻ സുപ്രീംകോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. പശ്ചിമബംഗാൾ ചീഫ്സെക്രട്ടറി, ഡി.ജി.പി , കൊൽക്കത്ത പൊലീസ് മേധാവിയായിരുന്ന രാജീവ്കുമാർ എന്നിവർക്കെതിരെ സി.ബി.ഐ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും തെളിവ് നശിപ്പിച്ചുവെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അന്വേഷണ സംഘത്തലവനായ രാജീവ്കുമാർ കൈമാറിയ രേഖകൾ പൂർണമായിരുന്നില്ലെന്നും കേസിലെ പ്രധാന കുറ്റാരോപിതനായ സുദീപ്തോ സെന്നിന്റെ മൊബൈൽ ഫോണിലെ കാൾ റെക്കാർഡുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ കുറ്റമാണെന്നും വാക്കാലുള്ള അവകാശവാദം പോരാ തെളിവുകളടങ്ങിയ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഫെബ്രുവരി 3ന് രാജീവ്കുമാറിനെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കോടതിയലക്ഷ്യ ഹർജി നൽകിയത്.