ന്യൂഡൽഹി: പുൽവാമാ ഭീകരാക്രമണത്തിന് ബലാകോട്ടിൽ ഇന്ത്യയുടെ തിരിച്ചടിയും തൊട്ടടുത്ത ദിവസം ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കുകയും ഇന്ത്യൻ മിഗ് വിമാനത്തിന്റെ പൈലറ്റിനെ ബന്ദിയാക്കുകയും ചെയ്‌ത പാക് നടപടിയും സ്ഥിതിഗതികൾ മോശമാക്കിയതിനാൽ വരും മണിക്കൂറുകൾ നിർണായകമാണ്. ബന്ദിയാക്കിയ പൈലറ്റിനെ മുന്നിൽ നിറുത്തി അന്താരാഷ്‌ട്രവേദിയിൽ ഇന്ത്യയ്‌ക്കെതിരെ പരാതി ഉന്നയിക്കാനും പാകിസ്ഥാൻ ശ്രമിച്ചേക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുൽവാമയ്‌ക്ക് നരേന്ദ്ര മോദി സർക്കാർ തിരിച്ചടി നൽകിയത് പ്രതീക്ഷിച്ചതു തന്നെയാണ്. എന്നാൽ തൊട്ടടുത്ത ദിവസം പാകിസ്ഥാൻ മറുപടി നൽകിയതോടെ ഇന്ത്യയുടെ അടുത്ത നീക്കമാണ് ലോകം ഉണ്കണ്ഠയോടെ നോക്കുന്നത്. ഇന്ത്യൻ പൈലറ്റിനെ ബന്ദിയാക്കിയ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന ഏതൊരു സൈനിക നീക്കവും സ്ഥിതി സങ്കീർണമാക്കും.
സേനയെ സജ്ജമാക്കാൻ നിർദ്ദേശം
അതിർത്തിയിലെ സ്ഥിതി അത്യന്തം വഷളായ സാഹചര്യത്തിൽ മൂന്ന് സേനാ മേധാവികളും പ്രധാന കമാൻഡുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അവധിയിലുള്ള ഒാഫീസർമാരും സേനാംഗങ്ങളും പെട്ടെന്ന് ജോലിക്ക് ഹാജരാകുകയോ, അവധി വെട്ടിച്ചുരുക്കി തിരിച്ചു വരികയോ ചെയ്യണമെന്ന സന്ദേശം നൽകാനാണ് കമാൻഡർമാർക്ക് ലഭിച്ച നിർദ്ദേശം.
ആകാശത്ത് ജാഗ്രത
പാക് വിമാനങ്ങൾ പ്രകോപനം സൃഷ്‌ടിച്ച സാഹചര്യത്തിൽ ഇന്ത്യൻ ആകാശത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ ആകാശത്ത് ഇന്നലെ രാവിലെ യുദ്ധ വിമാനങ്ങൾ ഒഴികെയുള്ളവരുടെ നീക്കം നിയന്ത്രിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.
പാക് വിമാനങ്ങളുടെ നീക്കമറിയാൻ ഫാൽക്കൺ എയർബോൺ വാണിംഗ് കൺട്രോൾ സിസ്‌റ്റം (അവാക്‌സ്), ഏർലി വാണിംഗ് ആൻഡ് കൺട്രോളിംഗ് സിസ്റ്റം (എ.ഇ.ഡബ്ളിയു.എസ് ) തുടങ്ങിയവരുടെ സഹായമുണ്ട്. പൈലറ്റില്ലാ വിമാനമായ ഡ്രോണുകളെ പിടിക്കാൻ സ്‌പൈഡർ എയർ ഡിഫൻസ് മിസൈലുകളും തയ്യാറാണ്. ബലാകോട്ടിൽ ആക്രമണം നടത്തിയ മിറാഷിനും ഇന്നലെ പാക് വിമാനങ്ങളെ ഒാടിച്ച മിഗിനുമൊപ്പം സുഖോയ് -30 വിമാനങ്ങളാണ് ആകാശത്ത് ഇന്ത്യയുടെ ശക്തി.
150 കിലോമീറ്റർ അകലെ വരെ ചെന്ന് പ്രഹരിക്കാൻ ശേഷിയുള്ള പൃഥ്വി-1മിസൈൽ കരസേനയുടെ കൈയിലുണ്ട്. വ്യോമസേനാ വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള പൃഥ്വി-2 മിസൈലുകൾക്ക് 350 കി.മീ വരെ കടന്നു ചെല്ലാൻ കഴിയും.