ന്യൂഡൽഹി: രാഷ്‌ട്രീയ പരിഗണനകൾക്ക് അപ്പുറമാണ് ദേശസുരക്ഷയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. പാർലമെന്റ് അനക്‌സിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കു
കയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പെതുമിനിമം പരിപാടിക്ക് രൂപം നൽകാനാണ് പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നതെങ്കിലും ചർച്ചയായത് അതിർത്തിയിലെ സംഘർഷ സാഹചര്യമാണ്. വീരമൃത്യു വരിച്ച ജവാൻമാരെ വച്ച് ബി.ജെ.പി രാഷ്‌ട്രീയം കളിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സർവ്വകക്ഷി യോഗം വിളിക്കാതിരുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് യോഗത്തിനു ശേഷം പ്രതിപക്ഷം സംയുക്തമായി പുറത്തിറക്കിയ പ്രസ്‌താവനയിൽ ആരോപിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതു പാർട്ടികൾ, ടി.ഡി.പി എന്നിവയടക്കം 21 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.