ന്യൂഡൽഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ആദിവാസികൾ ഉൾപ്പെടെ പതിനൊന്ന് ലക്ഷത്തിലേറെ പേരെ വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വനാവകാശനിയമ പ്രകാരം അപേക്ഷ നിരസിക്കാനെടുത്ത നടപടിക്രമങ്ങൾ ഉൾപ്പടെയുള്ള വിശദ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് നാലുമാസം സമയം അനുവദിച്ചു. ഇത്രയും പേരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അതേസമയം വനഭൂമിയിൽ അതിക്രമിച്ച് കയറിയവരോട് ഒരു ദയയും കാണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
16 സംസ്ഥാനങ്ങളിൽ നിന്നായി പട്ടികവർഗ വിഭാഗത്തിലുള്ളവരും മറ്റ് വനവാസികളും ഉൾപ്പെടെ 11,27,446 പേരെ ഒഴിപ്പിക്കാനാണ് ഫെബ്രുവരി 13ന് ജസ്റ്റിസ്മാരായ അരുൺമിശ്ര, നവീൻ സിൻഹ,ഇന്ദിരാബാനർജി എന്നിവരുടെ ബെഞ്ച് വിധിച്ചത്. ജൂലായ് 27ന് മുൻപ് ഒഴിപ്പിച്ച് ചീഫ്സെക്രട്ടറിയോട് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിട്ടിരുന്നു. വിധി വിവാദമായതോടെ കേന്ദ്രസർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.
ഉത്തരവ് പ്രകാരം കേരളത്തിൽ 894 കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. മദ്ധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ 3.5 ലക്ഷം പേർ.