pm

ന്യൂഡൽഹി: ആക്രമണങ്ങളിലൂടെ രാജ്യത്തിന്റെ വളർച്ച തടയാനാകില്ലെന്നും നാം ഒറ്റക്കെട്ടായി പോരാടി വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്ന പേരിൽ രാജ്യത്തെ 15000 സ്ഥലത്തായി ബി.ജെ.പി ബൂത്ത് പ്രവർത്തകരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണങ്ങളിലൂടെ ശത്രുരാജ്യം നമ്മെ അസ്ഥിരമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ വളർച്ച തടയാനാണ് ലക്ഷ്യമിടുന്നത്. നാം ഒന്നായി നിൽക്കും. ഒരുമിച്ച് വളരും. ഒരുമിച്ച് ജീവിക്കും. ഒരുമിച്ച് പോരാടും. ഒരുമിച്ച് വിജയിക്കും. ഇന്ത്യയുടെ പുരോഗതി ഒന്നിനും തടയാനാകില്ല. - മോദി പറഞ്ഞു.
സേനയുടെ കഴിവിൽ പൂർണ വിശ്വാസമുണ്ട്. അതിർത്തിയിലും അതിനപ്പുറവും രാജ്യത്തെ ധീരജവാന്മാർ അവരുടെ ശൗര്യം പ്രകടിപ്പിക്കുകയാണ്. എന്നാൽ സൈന്യത്തിന്റെ ആത്മവീര്യത്തെ ബാധിക്കുന്ന ഒന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. ശുത്രുവിന്റെ ദുഷ്ടപദ്ധതികളെ പ്രതിരോധിക്കാൻ നാം പാറപോലെ ഉറച്ചുനിൽക്കണം. നമ്മുടെ വളർച്ച തടയാൻ ഒന്നിനും കഴിയില്ലെന്ന് ശത്രുക്കൾക്ക് കാണിച്ചുകൊണ്ടുക്കേണ്ടതുണ്ട്. പ്രധാനമന്ത്രി വ്യക്തമാക്കി.

പൊതുതിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി പ്രവർത്തകരെ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കനക്കുന്നതിനിടെ പാർട്ടി പരിപാടികളുമായി പ്രധാനമന്ത്രി മുന്നോട്ടുപോകുന്നതിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.